ബ്യൂട്ടിഫുള്‍ രണ്ടാം ഭാഗത്തിന്റെ രചന തുടങ്ങിയതായി അനൂപ് മേനോന്

‘ബ്യൂട്ടിഫുള്‍ 2 ‘ന്റെ രചന തുടങ്ങിയതായി അറിയിച്ച് അനൂപ് മേനോന്. ചിത്രത്തിന് തുടക്കമിടുമ്പോള്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും സ്നേഹവും ഉണ്ടാകണമെന്ന് അനൂപ് മേനോന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അനൂപ് മേനോന് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിര്‍വഹിക്കുന്നത്. ബാദുഷ പ്രൊഡക്ഷന്‍സും യെസ് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം. അനൂപ് മേനോനും വി കെ പ്രകാശും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിനായുളള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.
സാങ്കേതിക രംഗങ്ങളില്‍ ബ്യൂട്ടിഫുള്‍ ആദ്യ ഭാഗത്തിലെ പ്രവര്‍ത്തകര്‍ തന്നെ ഉള്‍പ്പെടുന്ന ചിത്രത്തില്‍ പക്ഷേ ജയസൂര്യ ഉണ്ടാവില്ല. പകരം മറ്റൊരാള്‍ ആയിരിക്കും. എന്നാല്‍ അത് ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
കാനഡയിലെ വാന്‍കൂവറിലാണ് ചിത്രീകരണം. അടുത്ത വര്‍ഷം ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കും. ജോമോന് ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണന് ആയിരിക്കും. ആദ്യ ഭാഗത്തിന് സംഗീതം പകര്‍ന്ന രതീഷ് വേഗ തന്നെയായിരിക്കും ‘ ബ്യൂട്ടിഫുള്‍ 2’ ന്റെ യും സംഗീത സംവിധാനം.
ജയസൂര്യ, അനൂപ് മേനോന്, മേഘ്ന രാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ ബ്യൂട്ടിഫുള്‍’ 2011ല്‍ ആണ് റിലീസായത്.