മന്ത്രിസഭയില്‍ അഴിച്ചുപണിവരുന്നു; ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിനെചൊല്ലി ഭിന്നത

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ അടുത്തയാഴ്ച നടക്കുമെന്നാണ് അറിയുന്നത്. നവംബര്‍ പകുതിയോടെ പുനഃസംഘടനയുണ്ടാകുമെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചനകള്‍. പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലത്തിന്റെ കൂടി പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തി വകുപ്പുമാറ്റവും മന്ത്രിമാരെ മാറ്റലും നടക്കാനിടയുണ്ട്. സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം ഉണ്ടാകാനും സാധ്യതയുണ്ട്.
എല്‍ഡിഎഫ് ഘടകകക്ഷി എംഎല്‍എമാരായ കെ.ബി ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് വരും. മുന്‍ധാരണ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനമൊഴിയും.
മുന്‍ ധാരണയനുസരിച്ച് രണ്ടര വര്‍ഷത്തിനു ശേഷം ഗണേഷ്‌കുമാറിനും കടന്നപ്പള്ളിക്കും മന്ത്രിസഥാനം നല്‍കേണ്ടതുണ്ട്. നവംബര്‍ 20നാണ് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുക. ഗതാഗത വകുപ്പ് താല്‍പര്യമില്ലെന്ന് ഗണേഷ്‌കുമാര്‍ അറിയിച്ച സാഹചര്യത്തില്‍ വനംവകുപ്പ് നല്‍കുന്നത് ആലോചനയിലുണ്ട്. പകരം എ.കെ ശശീന്ദ്രന്‍ ഗതാഗത വകുപ്പിലേക്ക് വന്നേക്കും. അതേസമയം, സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ഗണേഷ്‌കുമാര്‍ വീണ്ടും വിവാദത്തിലായതോടെ അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ സിപിഎമ്മില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.
ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭരണപക്ഷത്തിന് വിയോജിപ്പുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. പകരം സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ആരോഗ്യമന്ത്രിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ, പുനഃസംഘടന ഉണ്ടായാല്‍ ഗണേഷ് കുമാറിനെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ലെന്ന് എല്‍ഡിഎഫ് ഇ.പി ജയരാജന്‍ വ്യക്തമാക്കി. ഇടതുമുന്നണി യോഗം 20 ന് ചേരും. മന്ത്രിസഭാ പുനഃസംഘടനയുടെ പേരില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ജയരാജന്‍ പറഞ്ഞു.