മന്ത്രിസഭാ പുന:സംഘടന: എന്‍സിപിയില്‍ അടി തുടങ്ങി; അവകാശവാദവുമായി കുട്ടനാട് എംഎല്‍എ

തിരുവനന്തുപരം: സംസ്ഥാനത്ത് മന്ത്രിസഭാ പുന:സംഘടന ഉടനുണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ എന്‍സിപിയില്‍ തര്‍ക്കം തുടങ്ങി. മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് രംഗത്തിറങ്ങി. രണ്ടര വര്‍ഷത്തിനുശേഷം തന്നെ മന്ത്രിയാക്കാമെന്ന് മുന്നണിയില്‍ ധാരണയുണ്ടെന്നാണ് തോമസ് പറയുന്നത്.
മന്ത്രിസ്ഥാനം ദേശീയ അധ്യക്ഷന്‍ ശരദ്പവാര്‍ നേരിട്ട് ഉറപ്പ് നല്‍കിയിരുന്നതായി തോമസ് അവകാശപ്പെടുന്നു. മന്ത്രിസ്ഥാനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ശരദ് പവാറിനെ ഉടന്‍ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ എ.കെ ശശീന്ദ്രനാണ് സംസ്ഥാനത്തെ എന്‍സിപിയുടെ മന്ത്രി. വനംവകുപ്പാണ് അദ്ദേഹത്തിനുള്ളത്. അതേസമയം സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയുമായുള്ള തോമസിന്റെ ഭിന്നത മന്ത്രിസ്ഥാനത്തിന് തടസമായേക്കുമെന്നാണ് സൂചന.