ചെണ്ടമുറിയന്‍ കപ്പയും കാന്താരി മുളക് ചമ്മന്തിയും

ഇന്ന് ചെണ്ടമുറിയന്‍ കപ്പയാണ് ഉണ്ടാക്കുന്നത്. ഒരു കിലോകപ്പയാണ് എടുത്തിരിക്കുന്നത്. ഇത് ആമ്പക്കാടന്‍ കപ്പയാണ്. റോസ് തൊലിയുള്ളത്. റോസ് തൊലിയുള്ളകപ്പയാണ് വേഗം വേവുന്നത്. വെള്ളത്തൊലിയുള്ള കപ്പ അത്ര വേവില്ല. നല്ലതുപോലെ വേവുന്ന കപ്പയാണ് ചെണ്ടമുറിയന്‍ വേവിക്കാനെടുക്കേണ്ടത്. ചെറിയ കിഴങ്ങുകളെടുക്കാന് ശ്രദ്ധിക്കണം. വലിയ കപ്പ വേവില്ല. ഇത് രാസവളമൊന്നുമിടാത്ത നാടന്‍ കപ്പയാണ്.
നല്ലതുപോലെ വെള്ളത്തില്‍ കഴുകിയെടുക്കുക.
കപ്പ ഒരു ആറിഞ്ച് നീളത്തില്‍ ചെറിയ കഷണങ്ങളായി വട്ടത്തില്‍ മുറിക്കുക. അതിനുശേഷം ഓരോ കഷണവും നടുവേ നാലായിട്ട് മുറിക്കുക. രണ്ടായിട്ടു മുറിച്ചാലും മതി. നല്ലതുപോലെ വെന്തുപൊട്ടുന്നതിനായാണ് നാലായി മുറിക്കുന്നത്.
കപ്പ വേവിക്കുന്നതിനായി ഒരു പാത്രത്തില്‍ കുറച്ചുവെള്ളം അടുപ്പില്‍ വെക്കുക. ഇതിലേക്ക് കഴുകിവെച്ചിരിക്കുന്ന കപ്പ ഇട്ടുകൊടുക്കുക. പെട്ടെന്ന് വേവുന്ന കപ്പയാണിത്. അതുകൊണ്ട് പത്തുമിനിറ്റേ വേവാനെടുക്കൂ. മൂടിവെച്ച് വേവിക്കാം.
കപ്പവേവുമ്പോഴേക്കും കാന്താരി മുളക് ചമ്മതി റെഡിയാക്കാം. അതിനായി കാന്താരിമുളക്, ചുവന്നുള്ളി, ഉപ്പ്, ഒരു വെളുത്തുള്ളി എന്നിവ മിക്സിയില്‍ അരച്ചെടുക്കുക.
ചെണ്ടമുറിയന്‍ കപ്പയ്ക്ക് മീനും ഇറച്ചിയുമൊക്കെ കറിയായി കൂട്ടാമെങ്കിലും കാന്താരി മുളക് ചമ്മന്തിയാണ് ശരിക്കുമുള്ള കോമ്പിനേഷന്‍. കാന്താരിമുളക് ചമ്മന്തിയും പലരീതിയില്‍ തയ്യാറാക്കാം. ഇവിടെ തൈരുചേര്‍ത്ത കാന്താരിമുളക് ചമ്മന്തിയാണ് ഉണ്ടാക്കുന്നത്.
ഇത് സാധാരണ കാന്താരിമുളക് ചമ്മന്തി. എരിവു കുറവുവേണ്ടവര്ക്ക് ആവശ്യാനുസരണം ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേര്‍ത്താല്‍ മതി.
തൈരു ചേര്‍ത്ത കാന്താരിമുളക് ചമ്മന്തിയുണ്ടാക്കുന്നതിന് ആവശ്യാനുസരണം തൈര് കാന്താരിമുളക് അരച്ചതിലേക്ക് ചേര്‍ക്കുക. കുറച്ച് ഉപ്പും ചേര്‍ക്കുക.
കപ്പ തിളച്ചിട്ടുണ്ട്. അതിലേക്ക് ഒരു സ്പൂണ്‍ ഉപ്പ് ഇട്ടുകൊടുക്കുക.
കപ്പ വെന്തോന്ന് നോക്കാം. കപ്പ വെന്തോന്ന് അറിയാന്‍ എളുപ്പവഴിയുണ്ട്. ഒരു ഈര്‍ക്കിലി കൊണ്ട് കുത്തിനോക്കുക. ഉള്ള് വെന്തോന്ന് അപ്പോള്‍ അറിയാം. ഇനി വെള്ളം ഊറ്റിക്കളയാം. ആവി പറക്കുന്ന ചെണ്ടമുറിയന്‍ കപ്പ റെഡിയായി. ഇനി പാത്രത്തിലേക്ക് മാറ്റി കാന്താരി മുളക് ചമ്മന്തിയും കൂട്ടി ചൂടോടെ കഴിക്കാം.