ഫിനിഷിംഗ് പോയിന്റിലേക്കടുക്കുമ്പോള്‍

0
122

ജൂണ്‍ നാല്- ഇന്ത്യയിലെ ജനങ്ങള്‍ മാത്രമല്ല, ലോകം തന്നെ ഉറ്റുനോക്കുന്ന ദിവസമാണത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പു ഫലം അറിയുന്ന ദിവസം.

ഇന്ത്യയുടെ രാഷ്ട്രീയഭാവിയെ ഗൗരവതരമായി ബാധിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പുഫലം. മോദിക്കും ബിജെപിക്കും വെറുതെ വിജയിച്ചാല്‍ പോരാ എ പ്ലസോടുകൂടിയുള്ള വിജയമാണ് വേണ്ടത്. നാനൂറു സീറ്റിനുമുകളിലെന്ന സ്വപ്‌നവുമായാണ് ബിജെപി നില്‍ക്കുന്നത്. സീറ്റ് നില താഴേക്കുപോയാല്‍ അതു ബാധിക്കുന്നത് മോദിയെയാണ്. ബിജെപിയുടെ മുന്‍നിരക്കാരെ വെട്ടിയിടാന്‍ മോദി നേരത്തെ ഉപയോഗിച്ച ഒരു തന്ത്രം അവനവന്‍ പാര പോലെ ഭീഷണിയായി നില്‍പുണ്ട്. 75 കഴിഞ്ഞവര്‍ ഭരണനേതൃത്വത്തില്‍ നിന്നും ഒഴിയണമെന്ന ബിജെപിയുടെ അപ്രഖ്യാപിതനയമാണത്. ജയിലില്‍ നിന്നിറങ്ങിയതേ അരവിന്ദ് കെജ്‌റിവാള്‍ ഈ വിഷയമാണുയര്‍ത്തിയത്. ഭൂരിപക്ഷം കുറഞ്ഞാല്‍ ബിജെപി നടപ്പാക്കാനുദ്ദേശിക്കുന്ന പല കാര്യങ്ങള്‍ക്കും അത് വിലങ്ങുതടിയായിമാറാം. ഒപ്പം മോദിയുടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമത ശബ്ദവുമുയരാം.

കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഈ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമായിട്ടാണ് മാറിയിരിക്കുന്നത്. ഇന്ത്യാസഖ്യത്തിന്റെ ഭാവിയുടെ കാര്യത്തിലും ഇക്കുറി തീരുമാനമാകും. വോട്ടെടുപ്പ് ഓരോ ഘട്ടവും പിന്നിടുമ്പോള്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസമേറുന്നതായിട്ടാണ് കാണുന്നത്. റായ്ബറേലിയിലെ ഫലം രാഹുലിന്റെ ഭാവി തീരുമാനിക്കും. യുപിയില്‍ അഖിലേഷുമായിട്ടുള്ള സഖ്യം അനുകൂലഘടകമായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

അരവിന്ദ് കെജ്‌റിവാളിന്റെയും എഎപിയുടെയും കാര്യത്തിലും തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതോടെ തീരുമാനമാകും. ഡല്‍ഹിയിലും പഞ്ചാബിലും ഒരു തൂത്തുവാരലാണ് ആപ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹി കൈവിട്ടുപോയാല്‍ അതോടെ തീരും കെജ്രിവാളും ആപും. കെജ്‌റിവാളിന്റെ ജനപിന്തുണയനുസരിച്ചിരിക്കും മുന്നോട്ടുള്ള കാര്യങ്ങള്‍.

തൃണമൂല്‍, എസ്പി, തെലുങ്കുദേശം തുടങ്ങിയ പ്രാദേശിക കക്ഷികളുടെയും വിലപേശല്‍ ശക്തിയും തിരിച്ചറിയും. സഖ്യകക്ഷികളെ പരിഗണനയിലെടുക്കാതെയുള്ള ഒരു ഭരണമാണ് ബിജെപിയുടെ പ്രതീക്ഷ. ഇന്ത്യാ സഖ്യത്തിന് മേല്‍ക്കൈ കിട്ടിയാല്‍ പ്രധാനമന്ത്രി പദത്തിലേക്ക് വേറെ ആരും നോട്ടമിടാതിരിക്കാനും ഭരണം കിട്ടിയില്ലെങ്കില്‍ മുഖ്യപ്രതിപക്ഷ കക്ഷിയായി പ്രതിപക്ഷ നേതൃസ്ഥാനം നേടിയെടുക്കാനും കോണ്‍ഗ്രസിനും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേ പറ്റൂ.

തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും മുഖ്യവിഷയങ്ങള്‍ മാറിമറിയുന്ന കാഴ്ചയാണ് ഇത്തവണ കണ്ടത്. ആര്‍ക്കും അമിതആത്മവിശ്വാസമില്ലെന്നുള്ളതിന്റെ സൂചനയാണത്.

LEAVE A REPLY

Please enter your comment!
Please enter your name here