ഇന്ത്യന്‍ പീനല്‍ കോഡ് നാളെ മുതല്‍ ഭാരതീയ ന്യായസംഹിത; സമഗ്രമാറ്റങ്ങള്‍

0
26

കൊച്ചി : 160 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ പീനല്‍ കോഡ്(ഐ.പിസി.) നാളെ മുതല്‍ ഭാരതീയ ന്യായസംഹിത (ബി.എന്‍.എസ്) എന്ന് അറിയപ്പെടും. സമഗ്രമായ മാറ്റങ്ങള്‍ നാളെ നിലവില്‍ വരും. ഐ.പി.സിക്കു പുറമേ സി.ആര്‍.പി.സി. ഇനി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത(ബി.എന്‍.എസ്.എസ്.)ആയും എവിഡന്‍സ് ആക്ട്(തെളിവു നിയമം) ഭാരതീയ സാക്ഷ്യ അഥീനിയം(ബി.എസ്.എ.) എന്നായും മാറും.

പോലീസ് കേസ് രജിസ്്റ്റര്‍ ചെയ്യുന്നതു മുതല്‍ ശിക്ഷാവിധി പ്രഖ്യാപിക്കുന്നതുവരെയുള്ള നടപടികള്‍ പുതിയ നിയമാവലിയുടെ അടിസ്ഥാനത്തിലാകും. പഴയ ഐ.പി.സിയില്‍ 511 വകുപ്പുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ബി.എന്‍.എസില്‍ 358 വകുപ്പുകളിലേക്ക് ചുരുങ്ങി.
സാമൂഹിക സേവനമെന്ന പുതിയ വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ കേസുകളില്‍ പ്രതികളാകുന്നവര്‍ സാമൂഹികസേവനം നടത്താതെ കുറ്റമുക്തി നേടില്ല. ഇന്ത്യന്‍ തെളിവു നിയമത്തില്‍ മുമ്പ് ഡിജിറ്റല്‍ തെളിവുകള്‍ക്ക് ഇടമുണ്ടായിരുന്നില്ലെങ്കില്‍ പുതിയ നിയമത്തില്‍ ഡിജിറ്റല്‍ തെളിവുകളും സ്വീകരിക്കും. വീഡിയോ, വാട്ട്സ്ആപ്പ്, ഫോട്ടോ, വോയ്സ് സന്ദേശം എന്നുവേണ്ട മൊബൈലും കമ്പ്യൂട്ടറുകളും അടക്കമുള്ള എല്ലാ ഡിജിറ്റല്‍ ഇടപെടലുകളും തെളിവായി രേഖപ്പെടുത്തും.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെടുക്കുന്ന കേസുകളിലും മാറ്റങ്ങളുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യപരിഗണനയാകും ഇനി ലഭിക്കുക. 18 വയസില്‍ താഴെയുള്ളവരെ ബലാത്സംഗത്തിനിരയാക്കിയാല്‍ മിനിമം 20 വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കും. കഠിനതടവ് എന്നാല്‍ കഠിനമായ ജയില്‍ജോലികള്‍ ചെയ്യേണ്ടിവരും. എല്ലാ കേസുകളിലും മിനിമം ശിക്ഷ ഉറപ്പാക്കുമെന്നതാണ് മറ്റൊരു പ്രധാനമാറ്റം. മിനിമം പിഴ 100 രൂപയും പരമാവധി പിഴ 10 ലക്ഷവുമാക്കിയിട്ടുണ്ട്. കുറ്റാന്വേഷണവും വിചാരണയും ശിക്ഷാവിധിയും സമയപരിധിക്കുള്ളില്‍ നടപ്പിലാകുമെന്നത് പുതിയ നിയമത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്. ഇരകള്‍ക്കും സാക്ഷികള്‍ക്കും ഒരുപോലെ നിയമത്തില്‍ പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here