മാവേലിക്കര: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊന്നു മറവുചെയ്തതെന്നു സൂചന. മാന്നാര്‍ ഇരമത്തൂരിലെ കല എന്ന യുവതിയാണ് കൊല്ലപ്പെട്ടെന്ന് കരുതുന്നത്. കാണാതാകുമ്പോള്‍ ഇവര്‍ക്ക് 27 വയസ്സായിരുന്നു. മൃതദേഹം കണ്ടെത്താനായി കലയെ മറവുചെയ്‌തെന്ന് കരുതുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കുകളുടെ സ്ലാബ് തുറന്ന് പൊലീസ് പരിശോധന തുടങ്ങി. മണ്ണുമാന്തി യന്ത്രമെത്തിച്ച് മണ്ണുമാറ്റിയ ശേഷമാണ് സ്ലാബ് തുറന്നത്. സ്ലാബിനുള്ളിലെ മാലിന്യം നീക്കംചെയ്ത് മൃതദേഹാവശിഷ്ടങ്ങള്‍ ഉള്ളിലുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്. ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
കലയെ കൊന്നു മറവുചെയ്‌തെന്ന വിവരത്തെത്തുടര്‍ന്ന് അവരുടെ ഭര്‍ത്താവിന്റെ ബന്ധുക്കളായ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോമന്‍, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കലയുടെ ഭര്‍ത്താവ് അനിലാണ് കേസിലെ പ്രധാന പ്രതിയെന്നാണ് വിവരം. ഇയാളും മറ്റു പ്രതികളും ചേര്‍ന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്നാണ് അറസ്റ്റിലായവര്‍ പൊലീസിനു മൊഴി നല്‍കിയതേ. ഇതില്‍ ജിനു രാജനെ സ്ഥലത്തെത്തിച്ചാണ് പൊലീസ് മൃതദേഹം കണ്ടെത്താനുള്ള നടപടി തുടരുന്നത്. മറ്റു പ്രതികള്‍ മാന്നാര്‍ പൊലീസ് കസ്റ്റഡിയിലാണ്. അനില്‍ ഇസ്രയേലിലാണ് ഇപ്പോഴുള്ളത്. ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചു.
കലയെക്കുറിച്ചുള്ള അനിലിന്റെ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇരു സമുദായത്തിലുള്ള കലയും അനിലും പ്രണയിച്ചു വിവാഹിതരായവരാണ്. ഇവരുടെ വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്റര്‍ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. അനിലിന്റെ ബന്ധുക്കള്‍ക്കു വിവാഹത്തില്‍ താല്‍പര്യമില്ലാതിരുന്നതിനാല്‍ ബന്ധുവീട്ടിലാണു വിവാഹശേഷം കലയെ താമസിപ്പിച്ചിരുന്നത്. കലയെ ഇവിടെ നിര്‍ത്തിയശേഷം അനില്‍ പിന്നീട് വിദേശത്ത് ജോലിക്കുപോയി.
എന്നാല്‍ കലയ്ക്കു മറ്റാരോടോ ബന്ധമുണ്ടെന്നു ചിലര്‍ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വഴക്കിനെത്തുടര്‍ന്ന് കല വീട്ടിലേക്കു തിരികെപ്പോകാന്‍ തുനിഞ്ഞപ്പോള്‍ മകനെ തനിക്കുവേണമെന്ന് അനില്‍ ആവശ്യപ്പെട്ടു. പിന്നീടു നാട്ടിലെത്തിയശേഷം കലയുമായി സംസാരിക്കുകയും കാര്‍ വാടകയ്ക്കെടുത്ത് കുട്ടനാട് ഭാഗങ്ങളില്‍ യാത്ര പോകുകയും ചെയ്തു. ഇതിനിടെ, ബന്ധുക്കളായ അഞ്ചുപേരെ വിളിച്ചുവരുത്തി കാറില്‍വച്ച് കലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു വിവരം. പിന്നാലെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടു.
മൂന്നുമാസത്തിനു മുന്‍പ് ഇതു സംബന്ധിച്ച് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ഒരു ഊമക്കത്ത് ലഭിച്ചതോടെയാണ് പൊലീസ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്.