നിഖില്‍ നാഗേഷ് ഭട്ട് സംവിധാനംചെയ്ത കില്‍ എന്ന ചിത്രം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ‘ജോണ്‍ വിക്ക്’ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഛാഡ് സ്റ്റാഹെല്‍സ്‌കിയാണ് കില്‍ ഹോളിവുഡിലേക്കെത്തിക്കാന്‍ ഒരുങ്ങുന്നത്. കീനു റീവ്‌സ് നായകനായ ജോണ്‍ വിക്ക് ചലച്ചിത്രപരമ്പരയിലെ നാലുചിത്രങ്ങളും സംവിധാനംചെയ്തയാളാണ് ഛാഡ് സ്റ്റാഹെല്‍സ്‌കി. കില്‍ സിനിമയുടെ പ്രിവ്യൂ കണ്ട ശേഷമാണ് ചിത്രം റീമേക്ക് ചെയ്യാനുള്ള താത്പര്യം ഛാഡ് പ്രകടിപ്പിച്ചത്.
അടുത്തകാലത്ത് താന്‍ കണ്ട ഏറ്റവും ഉജ്ജ്വലവും വന്യവും ക്രിയാത്മകവുമായ ആക്ഷന്‍ സിനിമകളിലൊന്നാണ് കില്‍ എന്ന് ഛാഡ് സ്റ്റാഹെല്‍സ്‌കി പറഞ്ഞു. പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട സംഘട്ടനരംഗങ്ങളാണ് സംവിധായകന്‍ നിഖില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് ഒരു ഇംഗ്ലീഷ് ഭാഷാ പതിപ്പ് വികസിപ്പിക്കുന്നത് ആവേശകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കില്‍ റീമേക്ക് ചെയ്യുന്ന കാര്യം ലയണ്‍സ്‌ഗേറ്റ് മോഷന്‍ പിക്‌ചേഴ്‌സ് സ്റ്റുഡിയോ ഗ്രൂപ്പ് ചെയര്‍ ആദം ഫോഗേള്‍സണും സ്ഥിരീകരിച്ചു. കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത എന്നിവരുടെ ധര്‍മാ പ്രൊഡക്ഷന്‍സ്, ഗുണീത് മോംഗ, അചിന്‍ ജെയിന്‍ എന്നിവരുടെ സിഖ്യ എന്റര്‍ടെയിന്‍മെന്റ് എന്നിവരാണ് കില്‍ നിര്‍മിച്ചിരിക്കുന്നത്.
ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നത്. മാര്‍ഷ്യല്‍ ആര്‍ട്‌സ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.