ഹൈദരാബാദ്: ആന്ധ്ര മുന്‍മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചന്ദ്രബാബു നായിഡു. കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് ജഗന്‍ എല്ലാ പദ്ധതികളും നശിപ്പിച്ചെന്ന് നായിഡു ആരോപിച്ചു. ജഗന്‍ എല്ലാ പദ്ധതികളും നശിപ്പിച്ചെന്നും അതിനാല്‍ ഈ സര്‍ക്കാരും പ്രതിസന്ധിയിലാണെന്നും നായിഡു പറഞ്ഞു. എന്‍ഡിഎ മന്ത്രിസഭയില്‍ പ്രധാന സഖ്യകക്ഷിയായതോടെ ഇനി കാര്യങ്ങളെല്ലാം എളുപ്പമാകും എന്ന പ്രതീക്ഷയിലാണ് നായിഡു. സംസ്ഥാനത്തിന് പ്രത്യേക പദവിയടക്കമുള്ള നിരവധി കാര്യങ്ങളില്‍ കേന്ദ്രവുമായി ചര്‍ച്ച നടത്താനൊരുങ്ങിയിരിക്കുകയാണ് നായിഡു.
ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനമായി അമരാവതിയെ മാറ്റാനുള്ള തന്റെ സ്വപ്നപദ്ധതിയായ എത്രയും പെട്ടന്ന് നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് നായിഡു ഉറപ്പുനല്‍കി. ‘അമരാവതി, ദി പീപ്പിള്‍സ് ക്യാപ്പിറ്റല്‍’ എന്ന പേരില്‍ പദ്ധതിയുടെ വിശദമായ പുതിയ രൂപരേഖ ഇറക്കിയ ശേഷമായിരുന്നു നായിഡുവിന്റെ പ്രതികരണം. ഇതിനായി സിംഗപ്പൂര്‍ ഭരണകൂടവുമായി വീണ്ടും ചര്‍ച്ചയിലേര്‍പ്പെടാന്‍ ശ്രമിക്കുമെന്ന് നായിഡു പറഞ്ഞു. ‘താന്‍ അധികാരത്തിലിരുന്നപ്പോള്‍ എല്ലാ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവന്നതാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ( ജഗന്‍ മോഹന്‍ റെഡ്ഢി ഭരണകാലയളവ് ) വളരെ മോശം അനുഭവമാണ് അവര്‍ക്കുണ്ടായത്. ഇനി നമ്മള്‍ വിളിച്ചാല്‍ അവര്‍ വരുമോ എന്നറിയില്ല, എന്നാലും ശ്രമിക്കുകതന്നെ’,നായിഡു പറഞ്ഞു.