തിരുവനന്തപുരം: തിരുത്താതെ രക്ഷയില്ലെന്ന് ഒടുവില്‍ സിപിഎം തിരിച്ചറിഞ്ഞു. പക്ഷേ, എങ്ങനെ തിരുത്തുമെന്നതിനെക്കുറിച്ച് ഒരു വ്യക്തതയുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ പൂച്ചയ്ക്കാര് മണികെട്ടുമെന്ന അവസ്ഥ. സര്‍ക്കാരിന്റെയും ഫലത്തില്‍ സിപിഎമ്മിന്റെയും നേതൃത്വവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നാണ് തിരുത്തല്‍ തുടങ്ങേണ്ടതെന്ന് പാര്‍ട്ടിക്കുള്ളില്‍ എല്ലാവര്‍ക്കും വ്യക്തമായി അറിയാം. പാര്‍ട്ടി ജില്ലാകമ്മിറ്റികളില്‍ നടന്ന ചര്‍ച്ചകളില്‍ നിന്നു ലഭിക്കുന്ന സൂചനകളും അതുതന്നെയാണ്. പക്ഷേ, പിണറായിയുടെ മുഖത്തു നോക്കി അതുപറയാനുള്ള തന്റേടം സിപിഎമ്മില്‍ ആര്‍ക്കുമില്ല. തിരുത്തലുകള്‍ തീരുമാനിക്കാന്‍ സംസ്ഥാനസമിതി യോഗം ചേരുന്നുണ്ടെങ്കിലും എല്ലാ കണ്ണുകളും അഖിലേന്ത്യാനേതൃത്വത്തിലേക്കാണ്. അവിടെനിന്നു തീരുമാനങ്ങള്‍ പ്രതീക്ഷിച്ചാണ് സംസ്ഥാനനേതൃത്വവും അണികളും കാത്തിരിക്കുന്നത്.
ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേരുന്ന മേഖലാ യോഗങ്ങളില്‍ ഉയരുന്നത്. എന്നാല്‍ ഒന്നും തിരുത്താനില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. തിരുത്തേണ്ട മേഖലകള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്ര കമ്മിറ്റി മുതല്‍ താഴേക്കുള്ള പാര്‍ട്ടി ഘടകങ്ങള്‍ രംഗത്തെത്തി കഴിഞ്ഞു. എങ്ങനെ തോറ്റു എന്ന് തുറന്നടിച്ച് പറയുകയാണ് നേതാക്കളും അണികളും. ഗൗരവമുള്ള തിരുത്ത് സര്‍ക്കാരിനും സംഘടനയുടെ നയസമീപനങ്ങള്‍ക്കും നേതാക്കളുടെ പെരുമാറ്റ രീതിക്കും വേണമെന്ന പൊതു വികാരത്തിലേക്കാണ് സിപിഎമ്മില്‍ കാര്യങ്ങളെത്തുന്നത്.
വോട്ട് ചോര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ബിജെപിയിലേക്ക് പോയ 90 ശതമാനം വോട്ടും പാര്‍ട്ടിയില്‍ നിന്ന് തന്നെയെന്ന് തിരുത്തല്‍ വാദികള്‍ അടിവരയിടുന്നു. ക്ഷേമ പദ്ധതികള്‍ മുടങ്ങിയതിന് കാരണം കേന്ദ്ര നയങ്ങളാണെങ്കിലും ജനങ്ങള്‍ക്ക് അത് ബോധ്യപ്പെട്ടിട്ടില്ലെന്നും ചെയ്യാവുന്നതെല്ലാം സംസ്ഥാന സര്‍ക്കാര്‍ തന്നെ ചെയ്യണമെന്നുമാണ് പാര്‍ട്ടിയിലെ ആലോചന.
ക്ഷേമപെന്‍ഷന്‍ കൃത്യമായി നല്‍കുക, സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക നല്‍കുക, സപ്ലൈകോ അടക്കമുള്ള, സാധാരണക്കാരെ സ്വാധീനിക്കുന്ന സ്ഥലങ്ങളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുക തുടങ്ങിയവയ്ക്കായിരിക്കും പ്രഥമ പരിഗണന. സര്‍ക്കാരിന്റെ പ്രവര്‍ത്തനമാറ്റത്തിനൊപ്പം, നേതാക്കളുടെ പ്രവര്‍ത്തന ശൈലിയിലും മാറ്റം വേണമെന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന് കാത്തിരുന്നു കാണണം.