തിരുവനന്തപുരം: പാര്‍ട്ടിയെയും നേതാക്കളെയും ജനങ്ങളില്‍ നിന്ന് അകറ്റുന്ന എല്ലാ ശൈലികളും മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍. അതില്‍ നേതാക്കളുടെ അഹംഭാവവും വരുമെന്നും എന്നാല്‍, അത് മുഖ്യമന്ത്രിയുടെ ശൈലി എന്ന് വ്യാഖ്യാനിക്കേണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധക്കാര്‍ക്കുനേരെ ഡിവൈഎഫ്‌ഐ നടത്തിയ ‘രക്ഷാപ്രവര്‍ത്തനത്തെ’ വീണ്ടും മുഖ്യമന്ത്രി ന്യായീകരിച്ചതിനെയും എംവി ഗോവിന്ദന്‍ പിന്തുണച്ചു. മുഖ്യമന്ത്രി പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും രക്ഷാപ്രവര്‍ത്തനം തന്നെയായിരുന്നുവെന്നുമായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
ലോക്‌സഭ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ത്യയിലെ ആകെ സാഹചര്യം വിലയിരുത്തിയെന്നും നാല് മേഖലാ യോഗങ്ങളും കഴിഞ്ഞുവെന്നും ഗോവിന്ദന്‍ പറഞ്ഞു. വിവിധ തലങ്ങളിലെ നേതാക്കള്‍ക്കും പാര്‍ട്ടി മെമ്പര്‍മാര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംസ്ഥാന സമിതി റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാര്‍ത്ത വാസ്തവമില്ലാത്തതെന്നും തെറ്റായ പ്രചാരണ വേല ജനങ്ങള്‍ തള്ളുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
പ്രതിഭാശാലികളെ നാടിന് സംഭാവന ചെയത് പ്രസ്ഥാനമാണ് എസ്എഫ്‌ഐ. എസ്എഫ്‌ഐയെ തകര്‍ക്കാന്‍ പലരും അവസരം കാത്തിരിക്കുകയാണ്. പാരമ്പര്യത്തെ തള്ളിപ്പറഞ്ഞ് പ്രസ്ഥാനത്തെ ആകെ തകര്‍ക്കരുത്. തിരുത്തേണ്ട കാര്യങ്ങളെല്ലാം തിരുത്തി മുന്നോട്ടുപോകും.എസ്എഫ്‌ഐ സ്വതന്ത്ര വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്. അവര്‍ അവരുടെ രീതിയില്‍ പ്രതികരിക്കുന്നതാണ്. പ്രശ്‌നങ്ങളെല്ലാം നല്ലരീതിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചുപോകും. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മില്‍ പറഞ്ഞ ഭാഷയേക്കാള്‍ മോശമല്ല എസ്എഫ്‌ഐയുടേത്. ബിനോയ് വിശ്വത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ കാഴ്ചപ്പാടായിരിക്കാം. ബിനോയ് വിശ്വത്തിന് പദാനുപദ മറുപടി പറയുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
സ്വര്‍ണ്ണപൊട്ടിക്കല്‍ സംഭവം പോലെയുള്ള ഒരു കാര്യവും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ല. അത്തരം തെറ്റായ പ്രവണതകളെ അംഗീകരിക്കില്ല.സ്വര്‍ണം പൊട്ടിക്കലിനോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സിപിഎമ്മിനില്ല. ഇതില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടി മുന്‍കയ്യെടുത്താണ് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിച്ചത്. തെറ്റായ പ്രവണതകളെ വെച്ചു പൊറുപ്പിക്കില്ല. പി ജയരാജന്‍ ഇതില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തിട്ടില്ലെന്നം എംവി ഗോവിന്ദന്‍ പറഞ്ഞു.