യുവതാരങ്ങള്‍ പ്രതിഫലം കുത്തനെ ഉയര്‍ത്തി; അമ്മയ്ക്ക് കത്തുനല്‍കി നിര്‍മാതാക്കളുടെ സംഘടന

0
11

കൊച്ചി: സിനിമയില്‍ യുവതാരങ്ങള്‍ പ്രതിഫലം കുത്തനെ ഉയര്‍ത്തിയതിനെതിരെ താരസംഘടനയായ അമ്മയ്ക്ക് കത്തുനല്‍കി നിര്‍മാതാക്കളുടെ സംഘടന. പ്രമുഖ താരങ്ങളും യുവതാരങ്ങളും കൂടാതെ സാങ്കേതിക വിദഗ്ധരും പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണ്. പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അമ്മയ്ക്ക് കത്തുനല്‍കിയിരിക്കുന്നത്.

നാല് കോടിക്ക് മുകളിലാണ് എല്ലാ മുന്‍നിര താരങ്ങളുടെയും പ്രതിഫലം. ഒരു മലയാള സിനിമയ്ക്ക് യുവതാരം ആവശ്യപ്പെട്ടത് അഞ്ച് കോടി രൂപയാണ്. താങ്ങാനാകാത്ത പ്രതിഫലം ചോദിക്കുന്നതു കാരണം ചില നിര്‍മ്മാതാക്കള്‍ സിനിമകള്‍ പോലും ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യമാണ്.

വലിയ തുകയ്ക്ക് സിനിമ വാങ്ങുന്നത് ഒടിടി പ്ലാറ്റ്ഫോമുകള്‍ നിര്‍ത്തിയതോടെ തിയേറ്ററില്‍ നിന്നുമാത്രം ലഭിക്കുന്ന തുക ലാഭമുണ്ടാക്കുന്ന കാര്യത്തിലും സംശയമാണ്. കൗമാര താരം പോലും ആവശ്യപ്പെടുന്നത് ഒന്നരക്കോടി രൂപയാണെന്നും ഛായാഗ്രാഹകരില്‍ ചിലര്‍ ദിവസവേതനത്തിനാണ് വരാന്‍ തയാറാകുന്നതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

ശ്രദ്ധേയരായ സംഗീത സംവിധായകര്‍ പ്രതിഫലത്തിന് പകരം സിനിമയിലെ ഗാനങ്ങളുടെ പകര്‍പ്പവകാശമാണ് വാങ്ങുന്നത്. തുടര്‍ന്ന് ഇവര്‍ വമ്പന്‍ തുകയ്ക്ക് മ്യൂസിക് കമ്പനികള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ തിയേറ്ററില്‍ നിന്ന ലഭിക്കുന്ന വരുമാനം മാത്രം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

‘അമ്മ’യുടെ പുതിയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ നിര്‍മ്മാതാക്കളുടെ പ്രശ്‌നം ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ. സാങ്കേതിക വിദഗ്ധരുടെ പ്രതിഫലത്തെക്കുറിച്ച് ഫെഫ്കയെ അറിയിക്കാനും തീരുമാനമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here