ഷാര്‍ജ : ഈന്തപ്പഴ വൈവിധ്യങ്ങളുമായി ഒന്‍പതാമത് സൂഖ് അല്‍ ജുബൈല്‍ ഈന്തപ്പഴ ഉത്സവം ആരംഭിച്ചു. സൂഖിലെ ഈന്തപ്പഴക്കച്ചവടക്കാര്‍ക്കൊപ്പം പുറത്തുനിന്നുള്ള കച്ചവടക്കാരും ഉത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധവലുപ്പത്തിലും നിറത്തിലും വിലയിലുമുള്ള ഈന്തപ്പഴങ്ങളുടെ വിപുലമായശേഖരമാണ് ഇത്തവണയുമുള്ളത്.
എമിറേറ്റിലെ പ്രധാന വ്യാപാര, വിനോദകേന്ദ്രങ്ങളിലൊന്നാണ് സൂഖ് അല്‍ ജുബൈല്‍. യു.എ.ഇ.യുടെ പൈതൃകത്തിന്റെ ഭാഗമായ ഈന്തപ്പനക്കൃഷിയും ഭക്ഷ്യസുരക്ഷയും പ്രോത്സാഹിപ്പിക്കാനാണ് വാര്‍ഷിക പരിപാടി സംഘടിപ്പിക്കുന്നത്.
വേനല്‍ക്കാലമായതോടെ വിവിധ എമിറേറ്റുകളില്‍ ഈന്തപ്പഴവിപണികളും സജീവമായിട്ടുണ്ട്. ഉത്സവത്തിന്റെ ഭാഗമായി ഒട്ടേറെ മത്സരങ്ങളും കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നുമുണ്ട്.