ബ്രിസ്‌ബെയ്ന്‍ സൗത്ത് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിന് തുടക്കമായി

0
52

ബ്രിസ്‌ബെയ്ന്‍: സൗത്തിലെ സെന്റ് തോമസ് ദി അപ്പോസ്തല്‍ സിറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 5 മുതല്‍ 7 വരെ (വെള്ളി, ശനി, ഞായര്‍) നടത്തപ്പെടുമെന്ന് ഫൊറോന വികാരി റവ. ഫാ. എബ്രഹാം നാടുക്കുന്നേല്‍ അറിയിച്ചു.

ജൂലൈ അഞ്ചിന് വൈകിട്ട് 6.00-നു കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച്ച എന്നിവ ഫൊറോന വികാരി, റവ. ഫാ. എബ്രഹാം നാടുക്കുന്നേലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഇപ്സ്വിച്ച്, സ്പ്രിങ്ഫീല്‍ഡ് മിഷന്‍ വികാരി, ഫാ. ആന്റോ ചിരിയംകണ്ടത്ത് നേതൃത്വം നല്‍കും.

ഈ മാസം ആറിന് വൈകിട്ട് മൂന്നിന് ആഘോഷമായ വി. കുര്‍ബാനയോടെ ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഫ്രഞ്ച്‌സ് ഫോറസ്റ്റ് ഇടവക (സിഡ്നി) അസോസിയേറ്റ് വികാരി ഫാ. ബിജു മാത്യു കോയിക്കാട്ടില്‍ നേതൃത്വം നല്‍കും. സാംസ്‌കാരിക സായാഹ്നവും ഫൂഡ് ഫെസ്റ്റും അവതരിപ്പിക്കുന്ന, കൊയ്നോനിയ (ഫെലോഷിപ്പ്) 2024 എന്ന കലാ സാംസ്‌ക്കാരിക പരിപാടി വൈകിട്ട് 5:00 മുതല്‍ 9:30 മണി വരെ നടത്തപ്പെടുന്നു.

ബ്രിസ്ബേന്‍ ബ്രിസി ബീട്‌സ് ചെണ്ടമേളത്തിന്റെ ഫ്യൂഷന്‍ ചെണ്ടമേളം ‘കൊയ്നോനിയ 2024’-നെ ആഘോഷ പൂരിതമാക്കും. വിവിധ ഇടവകകളില്‍ നിന്നുമായി 500-ല്‍ പരം കലാകാരന്മാര്‍ പങ്കെടുക്കും.

ശനിയാഴ്ച 8.30 ന് ഫാ. ഷാജി തുമ്പേച്ചിറയില്‍ സംവിധാനം നിര്‍വഹിക്കുന്ന രാജശില്‍പി എന്ന ബൈബിള്‍ നാടകം അവതരിപ്പിക്കും. സെന്റ് തോമസ് ദി അപ്പോസ്തല്‍ സിറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ 40 ല്‍ പരം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന ഈ നാടകം കലാസന്ധ്യക്ക് മാറ്റു കൂട്ടും.

പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ ഏഴിന് ഉച്ചകഴിഞ്ഞ് 3.00-ന് ആഘോഷമായ വി. കുര്‍ബ്ബാനയോടെ ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സെന്റ് മേരീസ് മിഷന്‍ ന്യൂ കാസില്‍ വികാരി ഫാ. ജോണ്‍ പുതുവ നേതൃത്വം നല്‍കും വൈകിട്ട് 5.30 ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടത്തും. ബ്രിസ്ബേന്‍ ചെണ്ടമേളത്തിന്റെ 20ല്‍ പരം കലാകാരന്മാരാണ് വാദ്യഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

കഴുന്ന്, നേര്‍ച്ച, അടിമ എന്നിവക്കും വിശുദ്ധരെ വണങ്ങുവാനും ഉള്ള പ്രത്യേക സൗകര്യം ക്രമീകരിക്കും. തിരുനാള്‍ പ്രദക്ഷിണത്തിനെ തുടര്‍ന്ന്, ലദീഞ്ഞ്, സ്‌നേഹവിരുന്ന് എന്നിവ നടത്തപ്പെടും.

ശനിയാഴ്ചയും ഞായറാഴ്ചയും ഒരുക്കിയിരുന്ന മനോഹരമായ ചെണ്ടമേളം പരമ്പരാഗത കേരളത്തനിമയാര്‍ന്ന തിരുനാള്‍ പ്രദക്ഷിണത്തെ ഇമ്പമാര്‍ന്നതാക്കും. കൈക്കാരന്‍മാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, തോമസ് കച്ചപ്പിള്ളി, മാത്യു പുന്നോലില്‍, ഷാരോണ്‍ ബിജു, നിവില്‍ ചിറക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങള്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here