ഹാഥ്‌റസ്: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ പ്രാര്‍ഥനാസമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ കീഴടങ്ങി. വെള്ളിയാഴ്ച രാത്രി ഡല്‍ഹി പോലീസിന് മുന്നിലാണ് കീഴടങ്ങിയത്. ഇയാളെ ഉത്തര്‍പ്രദേശ് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ സമ്മേളനത്തിന്റെ സംഘാടകരായ ആറുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ട് സ്ത്രീകളുമുണ്ട്.
ആള്‍ദൈവം ഭോലെ ബാബ എന്ന സൂരജ്പാല്‍ നാരായണ്‍ ഹരിയെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. എഫ്.ഐ.ആറില്‍ ഭോലെ ബാബയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. സംഭവവുമായിബന്ധപ്പെട്ട് 24 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ആവശ്യമെങ്കില്‍ ഭോലെ ബാബയുടെ താമസസ്ഥലത്ത് അന്വേഷണംനടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.
പ്രാര്‍ഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാനിടയായതില്‍, സംഘാടകര്‍ക്കു പങ്കുണ്ടെന്നതിനു തെളിവു ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇതിനകം 90 പേരുടെ മൊഴി രേഖപ്പെടുത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കുന്ന ആഗ്ര അഡീഷനല്‍ ഡിജിപി അനുപം കുലശ്രേഷ്ഠ പറഞ്ഞു. അന്വേഷണ പുരോഗതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ സംഘാടകര്‍ കേസില്‍ പ്രതികളാകുമെന്നു പൊലീസ് അറിയിച്ചു.