കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിക്കോടി സ്വദേശിയായ പതിന്നാല് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ട് 24 മണിക്കൂറിനുള്ളില്‍ കുട്ടി ചികിത്സ തേടിയിരുന്നു.
സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ മൂന്നുകുട്ടികള്‍ക്കാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ജീവന്‍ നഷ്ടമായത്. ഫറോക്ക് സ്വദേശിയായ പതിമൂന്നുവയസ്സുകാരന്‍ മൃദുല്‍ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം. വീടിനടുത്തുള്ള കുളത്തില്‍ കുളിച്ചതോടെയാണ് രോഗബാധയുണ്ടായത്.
ജൂണ്‍ അവസാനമാണ് കണ്ണൂര്‍ സ്വദേശിയായ പതിമൂന്നുകാരി ദക്ഷിണ രോഗംബാധിച്ച് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയായിരുന്നു മരണം. തലവേദനയും ഛര്‍ദിയും ബാധിച്ചാണ് ദക്ഷിണയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയസമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു.
രോഗംബാധിച്ച് മലപ്പുറം മുന്നിയൂര്‍ സ്വദേശിനിയായ അഞ്ചുവയസ്സുകാരി മേയ് മാസത്തില്‍ മരിച്ചിരുന്നു. കടലുണ്ടിപ്പുഴയില്‍ കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്.