ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരിഷ്‌കരണവാദിയായ ഡോ. മസൂദ് പെസെഷ്‌കിയാന് വിജയം. മുഖ്യഎതിരാളി ആയിരുന്ന അതിയാഥാസ്ഥിതികനും ഇറാന്റെ ആണവപദ്ധതിയുടെ മുന്‍വക്താവുമായ സയീദ് ജലീലി പരാജയപ്പെട്ടു. ഇറാന്റെ തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ കണക്കനുസരിച്ച് 30 ദശലക്ഷം വോട്ടാണ് രേഖപ്പെടുത്തിയത്. ഇതില്‍ 16.3 ദശലക്ഷം വോട്ട് മസൂദ് പെസെഷ്‌കിയും 13.5 ദശലക്ഷം വോട്ട് സയീദ് ജലീലിയും നേടി. ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്‌സി ഇക്കഴിഞ്ഞ മേയ് 19-നുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് ഇടക്കാല തിരഞ്ഞടുപ്പ് നടന്നത്.
മസൂദ് പെസെഷ്‌കിയാന്‍, സയീദ് ജലീല്‍, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഘേര്‍ ഘലിബാഫ്, മുന്‍ ആഭ്യന്തരമന്ത്രി മുസ്തഫ പോര്‍ മുഹമ്മദി എന്നീ നാലു സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ജയിക്കാനാവശ്യമായ 50 ശതമാനം വോട്ട് ഒരു സ്ഥാനാര്‍ഥിക്കും കിട്ടിയില്ല. ആകെ പോള്‍ ചെയ്ത 2.45 കോടി വോട്ടില്‍ 44.36 ശതമാനം വോട്ട് നേടി മസൂദ് പെസെഷ്‌കിയാന്‍ ഒന്നാമതെത്തി. സയീദ് ജലീലിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. അതോടെയാണ് തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീങ്ങിയത്.
പേരെടുത്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ മസൂദ് പെസെഷ്‌കിയാന്‍ ഇറാന്‍- ഇറാഖ് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. തബ്രീസില്‍നിന്നുള്ള പാര്‍ലമെന്റംഗമായ അദ്ദേഹം ഇറാന്റെ ആരോഗ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറാനിലെ ന്യൂനപക്ഷമായ അസേറി വിഭാഗത്തില്‍നിന്നുള്ളയാളാണ് മസൂദ്.