ഫ്‌ളാഷ് ലൈറ്റും ബോര്‍ഡുമായി മിന്നിക്കേണ്ട; കടുത്തനടപടിയാവശ്യപ്പെട്ട് ഹൈക്കോടതി

0
10

കൊച്ചി: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനും, അനധികൃതമായി ബോര്‍ഡുകളും ഫ്‌ലാഷ് ലൈറ്റുകളും ഉപയോഗിക്കുന്നതിനുമെതിര കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. മിക്ക ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥരും ബീക്കണ്‍ലൈറ്റും സര്‍ക്കാര്‍ എബ്ലവും വച്ചുമാണ് യാത്രചെയ്യുന്നത്. ഇവര്‍ സാധാരണക്കാരെ രണ്ടാംതരം പൗരന്‍മാരായാണ് കാണുന്നതെന്നും ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രനും ഹരിശങ്കര്‍ വി.മേനോനും പറഞ്ഞു.

അടുത്തിടെ നടന്ന ഇത്തരം ഗതാഗത നിയമ ലംഘനങ്ങളില്‍ എടുത്തിരിക്കുന്ന നടപടികള്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിയമം ലംഘിച്ച് വാഹനങ്ങളില്‍ ബോര്‍ഡുകളും ഫ്‌ലാഷ് ലൈറ്റുകളും സ്ഥാപിക്കുകയാണെന്നും, പിന്നെ അവരെങ്ങനെ നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ആരാഞ്ഞു. രാഷ്ട്രപതിക്കും ഭരണഘടനാ പദവിയിലിരിക്കുന്ന മറ്റുള്ളവര്‍ക്കും മാത്രമാണ് വാഹനത്തില്‍ ദേശീയ ചിഹ്നം നിശ്ചിത ബോര്‍ഡില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കുപോലും അനുമതിയില്ല. എന്നാല്‍ മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ ഉപയോഗിക്കുകയാണ്.

സെന്‍ട്രല്‍ കസ്റ്റംസ്, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വകുപ്പിന്റെ പേരു മാത്രമാണ് എഴുതാന്‍ അനുമതിയുള്ളത്. ഇവരില്‍ പലരും ടാക്്‌സി കാറുകളില്‍ എംബ്ലം വച്ചാണ് യാത്ര ചെയ്യുന്നത്. പൊലീസും മോട്ടര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും സര്‍ക്കാരിന്റെ പിന്തുണയോടെ കൃത്യമായി നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ചവറ കെഎംഎംഎല്ലിന്റെ എംഡിയുടെ വാഹനത്തില്‍ അനധികൃത ബോര്‍ഡുകളും ഫ്‌ലാഷ് ലൈറ്റും പിടിപ്പിച്ചതിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അഴിച്ചു മാറ്റിയ ഫ്‌ലാഷ് ലൈറ്റും ബോര്‍ഡുകളും ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here