
ന്യുയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും നാക്കുപിഴച്ചു. അനാരോഗ്യം, ഓര്‍മക്കുറവ് തുടങ്ങിയവയെ തുടര്‍ന്ന് പ്രസിഡ്ന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ മാറിനില്‍ക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് വീണ്ടും നാക്കുപിഴക്കുന്നത്. വൈസ് പ്രസിഡന്റ് കമല ഹാരിസിനു പകരം ഡോണള്‍ഡ് ട്രംപിന്റെ പേരാണ് ബൈഡന്‍ പറഞ്ഞത്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിക്കു പകരം പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ പേരും പറഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയ്നു കൂടുതല്‍ പിന്തുണ ഉറപ്പിക്കാനായി വാഷിങ്ടനില്‍ വച്ചു നടന്ന 75ാമത് നാറ്റോ ഉച്ചകോടിയിലെ പ്രസംഗത്തിലാണ് 81കാരന്‍ ബൈഡന്റെ നാക്കുപിഴ. 2023 നവംബറിനു ശേഷം ആദ്യമായാണ് പ്രസിഡന്റ് ഒറ്റയ്ക്കു വാര്‍ത്താസമ്മേളനം നടത്തുന്നത്.
ബൈഡനെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍നിന്നു മാറ്റി പകരം കമലാ ഹാരിസിനെ കൊണ്ടുവരണമെന്ന ആവശ്യം ഡെമോക്രാറ്റിക് പാര്‍ട്ടിക്കകത്തുനിന്നു തന്നെ ഉയരുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറവെയാണ് വൈസ് പ്രസിഡന്റ് കമല ഹാരിസിനു പകരം പ്രസിഡന്റ് ട്രംപ് എന്നു ബൈഡന്‍ തെറ്റായി പറഞ്ഞത്.
ആരോഗ്യകാരണങ്ങളാല്‍ ബൈഡന്‍ തിരഞ്ഞെടുപ്പില്‍നിന്ന് പിന്‍മാറണമെന്ന് ഡെമോക്രാറ്റിക് പക്ഷത്തുനിന്നു തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍നിന്ന് പിന്‍മാറില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. വ്‌ലാഡിമിര്‍ പുട്ടിന്റെ പേരു തെറ്റായി പറഞ്ഞത് പിന്നീട് ബൈഡന്‍ തിരുത്തി.