തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ഥ്യമായെന്നും ഇതിനു പിന്തുണ നല്‍കിയ എല്ലാവര്‍ക്കും കേരളത്തിന്റെ നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
തുറമുഖങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ ചാലക ശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തില്‍ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച കരണ്‍ അദാനിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. അന്താരാഷ്ട്ര ലോബികള്‍ക്കെതിരെ ഒന്നായി പോരാടിയതിന്റെ ഫലമാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
ലോകത്തിലെ വന്‍കിട തുറമുഖങ്ങളില്‍ ഒന്നാണ് വിഴിഞ്ഞം. മദര്‍ഷിപ്പുകള്‍ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് വിഴിഞ്ഞത് ബര്‍ത്ത് ചെയ്യാം. ഇന്ന് ട്രയല്‍ റണ്‍ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷന്‍ ഇന്ന് മുതല്‍ തുടങ്ങുകയാണ്. ഉടന്‍ പൂര്‍ണ പ്രവര്‍ത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
വിഴിഞ്ഞം മദര്‍ പോര്‍ട്ട് ആയി മാറുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഭിമാനിക്കാനുള്ള വക ഇവിടെ തീരുന്നില്ലെന്നും ഇത് ഒന്നാം ഘട്ടം മാത്രമാണെന്നും വിശദമാക്കി. നാലാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വിശാല തുറമുഖമായി മാറും. 2028ഓടെ വിഴിഞ്ഞം സമ്പൂര്‍ണ തുറമുഖമായി മാറും. 10000 കോടി രൂപയുടെ നിക്ഷേപത്തിന് വഴിയൊരുക്കും. അതിന് വേണ്ടുന്ന കരാര്‍ ഒപ്പിടാന്‍ പോവുകയാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.
കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. തുറമുഖമന്ത്രി വി എന്‍ വാസവന്‍ ആയിരുന്നു അധ്യക്ഷന്‍. മന്ത്രിമാരായ ജി.ആര്‍.അനില്‍, വി.ശിവന്‍കുട്ടി, കെ.രാജന്‍, കെ.എന്‍.ബാലഗോപാല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഇന്നത്തെ ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കണ്ടെയ്‌നറുകള്‍ ഇറക്കിയതിന് ശേഷം നാളെയാണ് സാന്‍ ഫര്‍ണാണ്ടോ തീരം വിടുക.