തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. മൂന്നുമരണം. പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ പലയിടത്തും മണ്ണിടിച്ചില്‍. ലോവര്‍ പെരിയാര്‍ വൈദ്യുതി നിലയത്തിലേക്ക് വീണ്ടും മണ്ണിടിഞ്ഞ് വീണ് രണ്ട് ഫീഡറുകള്‍ തകര്‍ന്നു. താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയില്‍ ആലുവ ശിവ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി.
മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പാലക്കാട് കോട്ടേക്കാട് കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകന്‍ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. രാത്രിയില്‍ വീടിന്റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞുവീഴുകയായിരുന്നു.
ഇവര്‍ കിടക്കുന്ന സ്ഥലത്തേക്കാണ് ചുവര്‍ ഇടിഞ്ഞുവീണത്. എന്നാല്‍, അപകടം സംഭവിച്ചത് ആരും അറിഞ്ഞിരുന്നില്ല. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ ഇവര്‍ തീരുമാനിച്ചിരുന്നുവെന്നും അതിനിടയിലാണ് അപകടമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
കണ്ണൂര്‍ മട്ടന്നൂര്‍ കോളാരിയില്‍ കുഞ്ഞാമിനയാണ് (51) മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള വയലിലാണ് അപകടം ഉണ്ടായത്. താമരശ്ശേരി ചുരത്തില്‍ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് മരം വീണത്. ഫയര്‍ ഫോഴ്‌സും ഹൈവേ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി മരം മുറിച്ച് മാറ്റി. കുറ്റ്യാടി ചുരം റോഡില്‍ മരം വീണതിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.
കനത്ത മഴയിലും കാറ്റിലും കണ്ണൂരിലും കാസര്‍കോഡും വീടുകള്‍ തകര്‍ന്നു. പലയിടത്തും ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. മരം കടംപുഴകി വീണു. ലോവര്‍പെരിയാര്‍ വൈദ്യുതി നിലയത്തില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. പാറക്കല്ലുകള്‍ വീണ് രണ്ട് ഫീഡറുകള്‍ തകര്‍ന്നു. കല്ലാര്‍കുട്ടി, പാമ്പ്ല അണക്കെട്ടുകള്‍ തുറന്നു. മണ്ണിടിഞ്ഞും മരം വീണും ഉണ്ടായ ഗതാഗത തടസം പുനഃസ്ഥാപിച്ചു.
പത്തനംതിട്ട ജില്ലയിലും കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. പന്തളത്ത് വീശിയടിച്ച ചുഴലിക്കാറ്റില്‍ നിരവധി പോസ്റ്റുകളും മരങ്ങളും വീണു. പമ്പയില്‍ ജലനിരപ്പുയര്‍ന്നതോടെ അരയാഞ്ഞിലിമണ്‍ കോസ് വേ മുങ്ങി. വയനാട് പുല്‍പ്പള്ളിയില്‍ വീടിന്റെ മുറ്റത്തോട് ചേര്‍ന്ന 50 അടി താഴ്ച്ചയുള്ള കിണര്‍ ഇടിഞ്ഞുതാഴ്ന്നു. താഴെയങ്ങാടി ചേലാമഠത്തില്‍ തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് തകര്‍ന്നത്. പുല്‍പ്പള്ളിയില്‍ കാറ്റിലും മഴയിലും വര്‍ക്ക് ഷോപ്പിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് നാശനഷ്ടമുണ്ടായി. പുളിയംമാക്കല്‍ അരുണിന്റെ താഴെയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന എവിഎ. മോട്ടോര്‍സിന്റെ മുകളിലേക്ക് ആണ് തെങ്ങ് വീണത്.
കനത്ത മഴയില്‍ ആലുവ ശിവക്ഷേത്രം മുങ്ങി. ഇന്ന് പുലര്‍ച്ചെ 5.05 നാണ് ശിവക്ഷേത്രം പൂര്‍ണമായി മുങ്ങിയത്. ഈ വര്‍ഷം ഇത് ആദ്യമായാണ് ക്ഷേത്രം മുങ്ങുന്നത് ആലുവ ശിവക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം ശിവഭഗവാന്‍ സ്വയം ആറാടുന്നതായാണ് ഇത് കണക്കാക്കുന്നത്.
മലപ്പുറം വടശ്ശേരിയില്‍ റോഡിന് കുറുകെ മരം വീണു. എടവണ്ണ അരീക്കോട് റോഡിലാണ് മരം വീണത് വൈദ്യുതി ലൈനും തകര്‍ന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെയായി ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കന്‍ ഒഡീഷയ്ക്ക് മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ വരെയായി ന്യൂനമര്‍ദ്ദപാത്തിയുണ്ട്.