ജമ്മു: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഓഫീസറടക്കം നാല് ജവാന്മാര്‍ക്ക് വീരമൃത്യു. രാഷ്ട്രീയ റൈഫിള്‍സിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗവും ജമ്മു കശ്മീര്‍ പോലീസും ദോഡ ടൗണില്‍നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ ഭീകരര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
തിങ്കളാഴ്ച വൈകീട്ടുണ്ടായ ഏറ്റുമുട്ടലിനുപിന്നാലെ വനമേഖലയിലേക്ക് രക്ഷപ്പെട്ട ഭീകരവാദികളെ സുരക്ഷാസേന പിന്തുടര്‍ന്നു. രാത്രി ഒന്‍പതോടെ വനത്തിനുള്ളില്‍വച്ച് വീണ്ടും ഏറ്റുമുട്ടലുണ്ടായി. ഗുരുതരപരിക്കേറ്റ നാല് ജവാന്മാരാണ് വീരമൃത്യുവരിച്ചതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഏറ്റുമുട്ടലിനെത്തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ സൈനികരെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.