എംടിക്ക് പിറന്നാള്‍ സമ്മാനമായി ‘മനോരഥങ്ങള്‍’ ട്രയിലര്‍; ഓണത്തിന് റിലീസ്

0
43

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മലയാള സിനിമയിലെ മുന്‍നിര സംവിധായകര്‍ ഒരുക്കുന്ന ആന്തോളജിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. 91ന്റെ നിറവില്‍ എം ടിയ്ക്ക് പിറന്നാള്‍ സമ്മാനമായാണ് ‘മനോരഥങ്ങള്‍’ ട്രെയിലര്‍ പുറത്തിറങ്ങിയത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ഒന്‍പത് കഥകളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഉലകനായകന്‍ കമല്‍ ഹാസനാണ് ട്രെയിലര്‍ അവതരിപ്പിക്കുന്നത്. പ്രത്യേക പരിപാടിയിലാണ് ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്. ഓണം റിലീസായാണ് ചിത്രം റിലീസ് ചെയ്യുന്നത്. സീ 5-ലൂടെയാണ് ഓരോ സിനിമയായി ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്,രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എം ടിയുടെ മകളും പ്രശസ്ത നര്‍ത്തകിയുമായ അശ്വതി ശ്രീകാന്തും ചലച്ചിത്ര സമാഹാരത്തിലെ സംവിധായികയാണ്. സീരീസില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലിനെ നായകനാക്കി ‘ഓളവും തീരവും’, ബിജു മേനോന്‍ നായകനാവുന്ന ‘ശിലാലിഖിതം’, രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’, ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘ഷെര്‍ലക്ക്’, സന്തോഷ് ശിവന്റെ സിദ്ദിഖ് ചിത്രം ‘അഭയം തേടി’, നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തി ജയരാജ് സംവിധാനത്തിലൊരുങ്ങുന്ന ‘സ്വര്‍ഗം തുറക്കുന്ന സമയം’, എംടിയുടെ മകള്‍ അശ്വതിയും സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ആസിഫ് അലി, മധുബാല എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘വില്പന’, പാര്‍വതി തിരുവോത്ത് നായികയായെത്തുന്ന ശ്യാമ പ്രസാദ് ചിത്രം ‘കാഴ്ച’, രതീഷ് അമ്പാട്ടിന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്തും അപര്‍ണ്ണ ബാലമുരളിയും ഒന്നിക്കുന്ന ‘കടല്‍ക്കാറ്റ്’ എന്നിവയാണ് ആന്തോളജിയിലെ എംടി ചിത്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here