കാസര്‍കോട്: ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയിലായി. കാസര്‍കോട് കുനിയ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് വയസുള്ള മകളുമായി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്കുള്ള യാത്രക്കിടയാണ് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
ബസില്‍ വെച്ച് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും പ്രതി ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ബസില്‍ വെച്ച് യുവതി ചിത്രീകരിച്ച വീഡിയോയും ഇന്നലെ പുറത്തുവന്നിരുന്നു. ആറ് വയസുള്ള മകളുടെ മുന്നില്‍ വച്ചാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. മകളുടെ മുഖം താന്‍ തിരിച്ച് പിടിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. കണ്ടക്ടറെ ഉടനെ വിളിക്കാന്‍ നോക്കിയെങ്കിലും ഏറെ പിറകിലായിരുന്നു. ബസ് നേരെ ബേക്കല്‍ സ്റ്റേഷനിലേക്ക് വിടാന്‍ കണ്ടക്ടറോട് പറയുമ്പോഴേക്കും അയാള്‍ ഇറങ്ങിപോവുകയായിരുന്നുവെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും യുവതി പറഞ്ഞു.