കൊച്ചി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. കനാലുകളില്‍ മാലിന്യം വലിച്ചെറിയുന്നത് ചിലര്‍ക്ക് വിനോദമാണെന്ന് പറഞ്ഞ കോടതി, ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അഭിപ്രായപ്പെട്ടു. കൊച്ചിയിലെ മാലിന്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിമര്‍ശനം ഉന്നയിച്ചത്.
കനാലുകളില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ എത്ര കേസുകള്‍ എടുത്തിട്ടുണ്ടെന്ന് കൊച്ചി കോര്‍പ്പറേഷനോട് ആരാഞ്ഞ കോടതി, തിരുവനന്തപുരത്തെ ജോജിയുടെ മരണം കണ്ണുതുറപ്പിക്കേണ്ടതാണെന്നും പറഞ്ഞു. ‘ഒരു കനാല്‍ വൃത്തിയാക്കിയ ശേഷം വളരെ കുറച്ചുസമയംകൊണ്ടുതന്നെ മാലിന്യ നിക്ഷേപമുണ്ടാകുന്നു. ഇക്കാര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വീഴ്ചയുണ്ട്. തുറന്നയിടങ്ങളിലേക്ക് മാലിന്യം എറിയുന്നത് ചിലര്‍ക്ക് വിനോദമായി മാറിയിരിക്കുന്നു. ഇത്തരക്കാരെ ഒരുകാരണവശാലും വെറുതേവിടാന്‍ പാടില്ല. പ്രോസിക്യൂട്ട് ചെയ്യല്‍ ഉള്‍പ്പടെ കടുത്ത നടപടി വേണം.
കൊച്ചി മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിന് താഴെ ഇപ്പോള്‍ പോയി നോക്കിയാലും ടണ്‍ കണക്കിന് മാലിന്യം കാണാം. കനാലുകള്‍ വൃത്തിയാക്കി കഴിഞ്ഞാല്‍ അതേരീതിയില്‍ തന്നെ തുടരണം. എന്തുകൊണ്ട് അതിന് കഴിയുന്നില്ല. ഇതില്‍ ഭരണസംവിധാനങ്ങളുടെ വീഴ്ചയുണ്ട്. മാലിന്യം എറിയുന്നവരെ കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനുമാണ്. അത് ഇല്ലാതെ പോകുന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഇത് ഇനി അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.