തിരുവനന്തപുരം: ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ഡോ. എം എസ് വല്യത്താന്‍ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സ്ഥാപകനും സ്ഥാപക ഡയറക്ടറുമായിരുന്നു. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വൈസ് ചാന്‍സലറുമായിരുന്നു. മണിപ്പാലില്‍ വെച്ചാണ് അന്ത്യം.
രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നല്‍കി ആദരിച്ച ഹൃദയശസ്ത്രക്രിയാ വിദഗ്ദനാണ് വിട പറഞ്ഞത്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്കിടയില്‍ സുപരിചിതനായത്. ഹൃദയ ശസ്ത്രക്രിയാ മേഖലയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങളിലെ വിജയം ഇന്ത്യയില്‍ തന്നെ ഹൃദയ ശസ്ത്രക്രിയാ മേഖലയില്‍ വലിയ മാറ്റവും പുരോഗതിയും സൃഷ്ടിച്ചു.
24 മെയ് 1934 ന് മാര്‍ത്താണ്ഡവര്‍മ്മയുടെയും ജാനകി വര്‍മ്മയുടെയും മകനായി മാവേലിക്കരയിലായിരുന്നു ഡോ. വല്യത്താന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പഠനത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആദ്യ ബാച്ചിലായിരുന്നു ഡോ. എം എസ് വല്യത്താന്റെ എംബിബിഎസ് പഠനം. ഇംഗ്ലണ്ടിലെ ലിവര്‍പൂളിലെ ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന അദ്ദേഹം 1960 ല്‍ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഓഫ് എഡിന്‍ബര്‍ഗിലെയും ഇംഗ്ലണ്ടിലെയും ഫെലോഷിപ്പും ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് ശസ്ത്രക്രിയയില്‍ ബിരുദാനന്തര ബിരുദവും നേടി.
പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഫാക്കല്‍റ്റി അംഗമായി കുറച്ചുകാലം ജോലി ചെയ്തശേഷം ചണ്ഡിഗഡിലെ ജോണ്‍സ് ഹോപ്കിന്‍സ്, ജോര്‍ജ്ജ് വാഷിംഗ്ടണ്‍, യുഎസ്എയിലെ ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലുകള്‍ എന്നിവിടങ്ങളില്‍ ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് കൂടുതല്‍ പരിശീലനം നേടി. ശ്രീചിത്രയില്‍ ഏകദേശം ഇരുപത് വര്‍ഷം സേവനം ചെയ്തശേഷമാണ് ഡോ. വല്യത്താന്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായത്.
ഇന്ത്യയിലെ ആരോഗ്യ സാങ്കേതികവിദ്യയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് ആദ്യം 1990 ല്‍ പത്മശ്രീയും 2005 ല്‍ പത്മവിഭൂഷനും നല്‍കി രാജ്യം ആദരിച്ചു.