ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ യുവജനവിഭാഗം നേതാവിനെ നടുറോഡില്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് യുവജനവിഭാഗം നേതാവ് ഷെയ്ഖ് റഷീദാണ് വെട്ടേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30ന് ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയില്‍ നടുറോഡിലായിരുന്നു സംഭവം.
ഗതാഗതക്കുരുക്കിനിടയിലാണ് ക്രൂരമായ ആക്രമണം അരങ്ങേറിയത്. ഷെയ്ഖ് ജീലാനി എന്നയാള്‍ ഷെയ്ഖ് റഷീദിനെ വടിവാളുകൊണ്ട് ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസികാമറയില്‍ പതിഞ്ഞിട്ടുണ്ട്. ജിലാനി റഷീദിന്റെ രണ്ട് കൈകളും മുറിച്ച ശേഷമായിരുന്നു കഴുത്തിന് വെട്ടിയതെന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയിരിക്കുന്ന മൊഴി. കൊലപാതകത്തിന് പിന്നിലെ കാരണം രാഷ്ട്രീയവൈരമല്ലെന്നും വ്യക്തി വൈരാഗ്യമാണെന്നുമാണ് പോലീസ് പറയുന്നത്.