സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതികളുടെ പിടിയില്‍പെട്ടിരിക്കുകയാണ് ഒട്ടുമിക്ക ജില്ലകളും. വയനാട് പൊന്‍കുഴി ഭാഗത്ത് ദേശീയ പാത 766 ലെ വെള്ളക്കെട്ട് കാരണം മുത്തങ്ങ വനമേഖലയില്‍ കുടുങ്ങി കിടന്നിരുന്ന 500ഓളം പേരെ പുറത്തെത്തിച്ചു. കനത്ത മഴയ്ക്കിടെ ആയിരുന്നു പൊലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും രക്ഷാ ദൗത്യം. കെഎസ്ആര്‍ടിസി ബസുകള്‍, ലോറികള്‍, കാറുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങളിലായി അഞ്ഞൂറോളം പേരാണ് വനമേഖലയില്‍ ഉണ്ടായിരുന്നത്. വയനാട് രാത്രി മഴയുണ്ടായിരുന്നെങ്കിലും രാവിലെ ശമനമുണ്ട്. വയനാട്ടില്‍ 682 കുടുംബങ്ങളില്‍ നിന്നായി 2281 പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്.
കക്കയം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അധിക ജലം തുറന്നു വിടാന്‍ സാധ്യതയുണ്ട്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് കലക്ടര്‍ അറിയിച്ചു. ചാലിയാറിലും ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും പൂനൂര്‍ പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു.ഇന്നലെയുണ്ടായ മഴയില്‍ വെള്ളം കയറിയും മരങ്ങള്‍ വീണും മണ്ണിടിഞ്ഞും മറ്റുമായി 21 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പല സ്ഥലത്തും തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല.
നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കി. സാഹചര്യം മാറുകയാണെങ്കില്‍ മുന്നറിയിപ്പില്‍ മാറ്റം വന്നേക്കാം. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യത ഉണ്ട്. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത വേണം. കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും മലപ്പുറം, ഇടുക്കി ജില്ലകളില്‍ ഭാഗികമായ അവധിയും പ്രഖ്യാപിച്ചു.