ന്യൂയോര്‍ക്ക്: വിന്‍ഡോസ് കംപ്യൂട്ടറുകള്‍ക്കുണ്ടായ തകരാറിന് പരിഹാരമാകാതെ ലോകമെങ്ങുമുള്ള എടി മേഖലയില്‍ പ്രതിസന്ധി തുടരുന്നു.. മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന ക്രൗഡ്‌സ്‌ട്രൈക്ക് സോഫ്റ്റ്വെയറിന്റെ തകരാറിനാണ് പരിഹാരമാകാത്തത്. തകരാര്‍ സംഭവിച്ച് 30 മണിക്കൂര്‍ പിന്നിട്ടിട്ടും പലയിടത്തും പ്രശ്‌നങ്ങള്‍ തുടരുകയാണ്. ലോകത്ത് സംഭവിച്ചതില്‍ വച്ചേറ്റവും വലിയ ഐടി സ്തംഭനമെന്നാണ് ഈ പ്രതിസന്ധിയെ വിശേഷിപ്പിക്കുന്നത്.
വെള്ളിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് ക്രൗഡ്‌സ്‌ട്രൈക്കുമായി ബന്ധപ്പെട്ട ഫാല്‍ക്കണ്‍ സെന്‍സറുകളുള്ള വിന്‍ഡോസ് കംപ്യൂട്ടറുകള്‍ നിശ്ചലമായത്. ഇതില്‍ സംഭവിച്ച പുതിയ അപ്‌ഡേറ്റ് കാരണമാണ് വിന്‍ഡോസ് പ്രവര്‍ത്തനം നിലച്ചത്. ഇതോടെ ലോകവ്യാപകമായി വിമാനത്താവളങ്ങളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനങ്ങളെ തകരാര്‍ ബാധിക്കുകയായിരുന്നു. ഓഹരി വിപണികള്‍, അവശ്യ സേവനങ്ങള്‍ തുടങ്ങി മൈക്രോസോഫ്റ്റ് പ്രതിസന്ധി ബാധിച്ച മേഖലകള്‍ നിരവധിയാണ്. ലോകമാകെ ആയിരക്കണക്കിന് വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
അതേസമയം പ്രതിസന്ധി പരിഹരിച്ച് വരികയാണെന്ന് ക്രൗഡ്‌സ്‌ട്രൈക്ക് സിഇഒ ജോര്‍ജ കുര്‍ട്‌സ് എക്‌സിലൂടെ അറിയിച്ചു. നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നതായും ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്നുമാണ് ക്രൗഡസ്‌ട്രൈക്ക് കമ്പനി അധികൃതര്‍ പറയുന്നത്.