ബംഗ്‌ളൂരു : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ശാസ്ത്രീയ പരിശോധനയില്‍ ഗംഗാവലി നദിയില്‍ കണ്ടെത്തി. കരയില്‍ നിന്നും 40 മീറ്റര്‍ അകലെയാണ് 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയത്. നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് പിന്‍വാങ്ങേണ്ടിവന്നു. 3 ബോട്ടുകളിലായി 18 പേരാണ് നാവിക സേനയുടെ സ്‌പെഷ്യല്‍ സംഘത്തിലുളളത്. മഴ ശക്തമായതിനാല്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായേക്കുമോ എന്ന ഭീതിയില്‍ ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനം വളരെ ദുഷ്‌കരമാണ്. എത്രത്തോളം മണ്ണ് നദിയില്‍ ട്രക്കിന് മുകളിലുണ്ടെന്നതിലും വ്യക്തതയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവന്‍ മാറ്റിയാല്‍ മാത്രമേ ലോറി പുറത്തെടുക്കാന്‍ കഴിയുകയുളളു. കര-നാവിക സേനകളും എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, പൊലീസ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒന്‍പതാം ദിവസം എത്തുന്നതിനിടെയാണ് നിര്‍ണായക വിവരം പുറത്ത് വരുന്നത്. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡയാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ ഇത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് ജില്ലാ പൊലീസ് മേധാവിയും സ്ഥിരീകരിച്ചു.