ബംഗളൂരു : അര്‍ജുന്റെ ലോറി കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ഇന്ന് സൈന്യം തെരച്ചില്‍ നടത്തും. മുങ്ങല്‍ വിദഗ്ധരടങ്ങുന്ന സംഘം ലോറി കണ്ടെത്തിയ ഗംഗാവലി നദിയിലേക്ക് ഇറങ്ങും.
കാബിനുളളില്‍ അര്‍ജുന്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് ദൗത്യസംഘം ആദ്യം പരിശോധിക്കുക. റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. ആളുണ്ടെങ്കില്‍ പുറത്തേക്ക് എത്തിക്കും. അതിന് ശേഷമാകും ലോറി ഉയര്‍ത്തുക.
ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിര്‍ണയിക്കാന്‍ ഐബോഡ് ഉപയോഗിച്ച് പരിശോധന നടത്തും. ഡ്രോണ്‍ ഇപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കാനറില്‍ പുഴയ്ക്ക് അടിയിലെ സിഗ്‌നലും ലഭിക്കും. നോയിഡയില്‍ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.
കരയ്ക്കും പുഴയിലെ മണ്‍കൂനയ്ക്കും ഇടയിലുളള സ്ഥലത്താണ് ഇന്നലെ ട്രക്ക് കണ്ടെത്തിയത്. കരയില്‍ നിന്നും 40 അടി അകലെ 15 മീറ്റര്‍ ആഴത്തിലാണ് ലോറി കിടക്കുന്നത്. കനത്ത മഴയ്‌ക്കൊപ്പം കാറ്റ് കൂടി എത്തിയതോടെ ഇന്നലെ തെരച്ചിലും മണ്ണ് നീക്കലും നിര്‍ത്തിവച്ചിരുന്നു.
ഷിരൂരില്‍ കനത്ത മഴ തുടരുകയാണ്. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയില്‍ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയില്‍ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടര്‍ന്നാല്‍ തെരച്ചില്‍ ദൗത്യം ദുഷ്‌കരമാകും.
നേവി സംഘം നേരിടുന്ന പ്രധാന വെല്ലുവിളി ഗംഗാവലി പുഴയുടെ അടിയൊഴുക്കാണ്. കുത്തൊഴുക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ നാവികസേന പരിശോധിക്കുന്നുണ്ട്. റെഗുലേറ്റര്‍ ബ്രിഡ്ജുകളോ ചെക്ക് ഡാമുകളോ അടച്ച് ഒഴുക്കിന്റെ ശക്തി കുറയ്ക്കാനാകില്ല. എല്ലാ ചെക്ക് ഡാമുകളും നിറഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ ഷട്ടറുകളും അടയ്ക്കാന്‍ കഴിയില്ല. താല്‍ക്കാലിക രീതിയില്‍ മാത്രമേ ഒഴുക്ക് നിയന്ത്രിക്കാന്‍ കഴിയൂ. അത് എങ്ങനെ വേണമെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടിനനുസരിച്ച് തീരുമാനിക്കും. നാവികസേനയാകും താല്‍ക്കാലിക ചെക്ക് ഡാമുണ്ടാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.