തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ ഫയല്‍ നീക്കം പൂര്‍ണമായും നിലച്ചു. ഇതോടെ ഫലത്തില്‍ സെക്രട്ടറിയേറ്റില്‍ ഭരണം സ്തംഭിച്ചു. ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ എന്‍ഐസിക്കും കഴിയുന്നില്ലെന്നത് തുടര്‍ദിവസങ്ങളില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും.
ഇ-ഫയലുകള്‍ തുറക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. ഒന്നരമാസം മുമ്പ് ഇ-ഫയലിംഗ് സംവിധാനത്തില്‍ പുനക്രമീകരണം കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക്ു തുടക്കമെന്നു പറയുന്നു. ഇതിന് ശേഷം ഫയല്‍ നീക്കം മന്ദഗതിയിലായെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചൊവ്വാഴ്ചയോടെയാണ് ഇ-ഓഫീസ് പൂര്‍ണമായും പണിമുടക്കിയത്.
ഇ-ഫയലിംഗ് നടപ്പിലാക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നത് നാഷണല്‍ ഇന്‍ഫാമാറ്റിക് സെന്ററാണ്. അവരെ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. എന്താണ് പ്രശനമെന്ന് കണ്ടെത്താന്‍ പോലും എന്‍ഐസിക്ക് കഴിഞ്ഞിട്ടില്ല. പൂര്‍ണമായും ഇ ഫയലിലായതിനാല്‍ തുടര്‍ന്നുള്ള ഫയലെഴുത്തുകള്‍ കടലാസാക്കാനും കഴിയുന്നില്ല. പിന്‍ഫയലുകളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയാത്തതാണ് കാരണം.
ഡല്‍ഹിയില്‍ നിന്നും എന്‍ഐസി വിദഗ്ദരെത്തിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ എന്നാണ് ഐടി വകുപ്പ് പറയുന്നത്. രണ്ട് ദിവസമായി പഞ്ച് ചെയ്തു കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കിപ്പോള്‍ പണിയില്ല.