രണ്ടുനാള്‍ കൊണ്ട് തണ്ടിലേറ്റുകയും അതിലും വേഗത്തില്‍ തോളില്‍ മാറാപ്പ് കേറ്റുകയും ചെയ്യുന്ന സോഷ്യല്‍മീഡിയായുടെ തനിനിറമാണ് ഈ ദിവസങ്ങളില്‍ കേരളത്തില്‍ കാണുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ എന്ന ലോറി ഡ്രൈവറെ കാണാതായതിനെ തുടര്‍ന്നുള്ള കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
അര്‍ജുനെ കാണാതായി രണ്ടുനാള്‍ കഴിഞ്ഞിട്ടും അര്‍ജുനായുള്ള തെരച്ചില്‍ കാര്യമായി നടക്കുന്നില്ലെന്നു കണ്ടപ്പോഴാണ് കുടുംബം മാധ്യമങ്ങളെ സമീപിക്കുന്നത്. തുടര്‍ന്നാണ് വിഷയം ഗൗരവമായതും കേരള സര്‍ക്കാര്‍ ഇടപെട്ടതും തെരച്ചിലിന് വേഗത കൈവന്നതും. ഇവിടെ നടന്നത് യഥാര്‍ത്ഥ മാധ്യമധര്‍മം. പക്ഷേ, തുടര്‍ന്നങ്ങോട്ട് സംഭവിച്ചത് മലയാളിക്കു നാണക്കേടുണ്ടാക്കുന്നതായിരുന്നു.
സോഷ്യല്‍മീഡിയായിലൂടെ നിരവധി വിദഗ്ദ്ധരെത്തി. അവരുടെ കൈയിലായി പിന്നെ കാര്യങ്ങള്‍. മാധ്യമങ്ങളും വാര്‍ത്തയുടെ സോഴ്‌സ് സോഷ്യല്‍മീഡിയയാക്കുന്ന ദയനീയ കാഴ്ചയാണ് പിന്നെ കണ്ടത്. റേറ്റിംഗ് കൂട്ടുന്നതിനായി ചാനലുകള്‍ തമ്മിലുള്ള കിടമത്സരവും കാര്യങ്ങള്‍ വഷളാക്കി. ഷിരൂരിലെ തെരച്ചിലിനേക്കാള്‍ സജീമായിരുന്നു ചാനലുകളിലെ ചര്‍ച്ചകള്‍.
മല്ലു ഡാ…എന്ന് ബിജിഎമ്മിട്ട് സോഷ്യല്‍മീഡിയയും തകര്‍ത്തു. സോഷ്യല്‍മീഡിയയിലെ വാനോളമുള്ള ഉയര്‍ത്തലിനു പിന്നാലെ അത്രേം ഉയരത്തില്‍ നിന്ന് താഴേക്കു വീഴ്ചയുമുണ്ടെന്ന് ആരും മനസിലാക്കിയില്ല. ഇനിയുള്ള ദിവസങ്ങളില്‍ അതാണ് സംഭവിക്കുക. അര്‍ജുന്റെ കുടുംബത്തിനെതിരെവരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ജനാധിപത്യത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ക്കു പൂര്‍ണസ്വാതന്ത്ര്യമുണ്ട്. പക്ഷേ, അതു നാലാളുടെ മുന്നില്‍ സ്വയം മിടുക്കന്‍ ചമയാനുള്ള അവസരമാക്കരുത്.