തിരുവല്ലയില്‍ കാറിനു തീപിടിച്ചു മരിച്ചത് ദമ്പതികള്‍; ജീവനൊടുക്കാന്‍ കാരണം ഏകമകന്‍ ലഹരിക്കടിമയായത്

0
55

പത്തനംതിട്ട: തിരുവല്ലയ്ക്കു സമീപം വേങ്ങലില്‍ കാറിനു തീപിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരില്‍ രാജു തോമസ് ജോര്‍ജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്.

പട്രോളിങിനിടെ ഇന്ന് ഉച്ചയോടെ വേങ്ങല്‍ മുണ്ടകം റോഡില്‍ കാറില്‍നിന്ന് തീ വരുന്നതു കണ്ടതായി ഹൈവേ പട്രോളിങ് സംഘത്തിലുണ്ടായിരുന്ന എസ്‌ഐ മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്ന് തീ ആളിക്കത്തി. പിന്നാലെ വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഈ സമയത്താണ് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യ ലൈജിയുമാണെന്ന് തിരിച്ചറിഞ്ഞത്.

സംഭവത്തില്‍ ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെടുത്തു. ഏകമകന്‍ ലഹരിക്ക് അടിമ ആയതിന്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.

ഇവരുടെ മകന്‍ സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇനി ചികിത്സിക്കാന്‍ പണം ഇല്ലെന്നും പോലീസ് ഇടപെട്ട് തുടര്‍ചികിത്സ നല്‍കണമെന്നും കുറപ്പില്‍ പറയുന്നു. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ദമ്പതികള്‍ ആത്മഹത്യാക്കുറിപ്പില്‍ വെളിപ്പെടുത്തുന്നു.

മകനുമായി രാജു തോമസും ഭാര്യയും തര്‍ക്കത്തിലായിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. മകന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, മദ്യപാന ശീലം, വീട് ജപ്തി തുടങ്ങിയ പ്രശ്‌നങ്ങളാണ് ദമ്പതികളെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here