ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പതിനൊന്നു ദിവസം പിന്നിടുമ്പോള്‍ തെരച്ചില്‍ ദുഷ്‌കരമാകുന്നു. ഗംഗാവലി പുഴയില്‍ അതിശക്തമായ അടിയൊഴുക്കായതിനാല്‍ ഇന്നും ഡൈവര്‍മാര്‍ക്ക് ഇറങ്ങാന്‍ ആയില്ല. ഒഴുക്കിന്റെ ശക്തി മൂന്നിലൊന്നായി കുറഞ്ഞാല്‍ മാത്രമേ നദിയില്‍ നേരിട്ട് ഇറങ്ങി ലോറിക്ക് അരികിലേക്ക് എത്താന്‍ കഴിയുകയുളളു. ചെളി നിറഞ്ഞ വെള്ളമായതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഒന്നും കാണാനുമാകില്ല. ഇപ്പോഴിറങ്ങുന്നത് ഡൈവര്‍മാരുടെ ജീവന് ആപത്തുണ്ടാക്കുമെന്നാണ് നാവികസേനയുടെ വിലയിരുത്തല്‍.
ഐബോഡ് സംഘത്തിന്റെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടര്‍ന്നു. വെള്ളത്തിനടിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്. രണ്ട് ലോങ് ബൂം എസ്‌കവേറ്ററുകളും പുഴക്കരികിലെ മണ്ണ് നീക്കിയും പരിശോധന നടത്തുന്നുണ്ട്.