ഡല്‍ഹി: ഇന്നുതീരും നാളെതീരുമെന്നു കരുതിയിരുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ തമ്മിലടി ഉടനെങ്ങും അവസാനിക്കുമെന്നു തോന്നുന്നില്ല. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന മട്ടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും തമ്മിലുള്ള വക്കാണം. അധികാരതര്‍ക്കമാണ് ഇരുവരും തമ്മിലെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുപേര്‍ക്കും രണ്ടു ചുമതലകളാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. അത് ഭംഗിയായി നിര്‍വഹിച്ചാല്‍ പോരേ. അതുപറ്റില്ല, മറ്റേയാളുടെ അധികാരത്തില്‍ കയ്യിടണം. പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് വരുന്നതെന്നും അതിനായി അണികളെ ഒരുക്കണമെന്നുമൊക്കെ പാര്‍ട്ടി വേദികളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള അടി തീര്‍്ന്നിട്ട് അങ്ങനെയുള്‌ല കാര്യങ്ങളിലേക്ക് കടക്കുമെന്നു തോന്നുന്നില്ല.
ഏറ്റവുമൊടുവില്‍ മിഷന്‍ 2025 ന്റെ പേരിലെ തര്‍ക്കമാണ് സംസ്ഥാന കോണ്‍ഗ്രസില്‍ മുറുകുന്നത്. തിരുവനന്തപുരത്തു നടന്ന മിഷന്‍ 2025 യോഗത്തില്‍ നിന്ന് വിഡി സതീശന്‍ വിട്ടുനിന്നതാണ് വിവാദമായിരിക്കുന്നത്. ഇന്നത്തെ യോഗത്തില്‍ വയനാട് ലീഡേഴ്സ് മീറ്റിലെ തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത് സതീശനായിരുന്നു. എന്നാല്‍ ഇന്നലെ കെപിസിസി ഭാരവാഹി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ കടുത്ത അതൃപ്തിയിലാണ് വിഡി സതീശന്‍. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല നേതാക്കള്‍ക്ക് നല്‍കിയതില്‍ കെപിസിസി ഭാരവാഹികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതേസമയം, വിഡി സതീശനെതിരെ വിമര്‍ശനം ഉയര്‍ന്നതു കൊണ്ടാണ് മിഷന്‍ 25 യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. വയനാട് യോഗത്തിലെ തീരുമാനങ്ങളെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമുണ്ട്. ചില നേതാക്കള്‍ തിരുത്തല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ നേതൃത്വം അംഗീകരിച്ച നേതാക്കള്‍ക്ക് തന്നെയാണ് ജില്ലകളുടെ ചുമതല നല്‍കിയിരിക്കുന്നത്. തര്‍ക്കമുണ്ടായ ഇടങ്ങളില്‍ ചുമതലകള്‍ മാറ്റിയിട്ടുണ്ട്. കെ പി സി സി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നുവെന്നത് ശരിയെന്നും സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.