ഷിരൂര്‍: അര്‍ജുനെയും മറ്റു രണ്ടു കര്‍ണാടക സ്വദേശികളെയും കണ്ടെത്താന്‍ എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യാനാണ് തീരുമാനമെന്ന് ഉന്നതതല യോഗത്തിനു ശേഷം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തെര്‍മല്‍ ഇമേജിങ് പരിശോധനയില്‍ പുഴയ്ക്കടിയിലെ ലോറിയില്‍ മനുഷ്യശരീരത്തിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ നേവിക്ക് പോലും ചില പ്രതിസന്ധിയുണ്ടായതായി മന്ത്രി പറഞ്ഞു. എന്ത് പ്രതിസന്ധിയുണ്ടായാലും ലക്ഷ്യത്തിലേക്കുള്ള ശ്രമം തുടരാന്‍ തീരുമാനിച്ചു. കലക്ടറും ശ്രമം തുടരാന്‍ നേവിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സാധ്യമായ പുതിയ രീതികളും അവലംബിക്കും. കാലാവസ്ഥ അനുകൂലമായാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഈ കാലാവസ്ഥയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യും. പ്രശ്‌നപരിഹാരത്തിന് കൂട്ടായ ശ്രമമാണ് നടക്കുന്നതെന്നും റിയാസ് പറഞ്ഞു.
എം.കെ.രാഘവന്‍ എംപി, എംല്‍എമാരായ എ.കെ.എം.അഷ്‌റഫ്, സച്ചിന്‍ദേവ്, ലിന്റോ ജോസഫ്, കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍, എസ്പി എം.നാരായണ അടക്കമുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.