ഷിരൂര്‍: ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കിനെ അവഗണിച്ച് കാണാതായ ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ പന്ത്രണ്ടാം ദിനവും തുടരുന്നു. തെരച്ചിലിനിറങ്ങിയ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെ വടംപൊട്ടി അമ്പതുമീറ്ററോളം ഒഴുകിപ്പോയി. നാവികസേനയുടെ ദൗത്യസംഘം അദ്ദേഹത്തെ രക്ഷപ്പെടുത്തി. ആദ്യ രണ്ടുതവണ നദിയിലിറങ്ങി ഒന്നും കണ്ടെത്താനാകാതെ മല്‍പെ തിരിച്ചുകയറി. മൂന്നാംതവണയാണ് മല്‍പെയെ ബന്ധിപ്പിച്ചിരുന്ന വടംപൊട്ടിയത്.
നാവികസേനയും പ്രാദേശിക മുങ്ങല്‍ വിദഗ്ധരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കുന്ദാപുര സ്വദേശിയായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെ നേതൃത്വം നല്‍കുന്ന ഏഴംഗ സംഘമാണ് പുഴയിലിറങ്ങിയുള്ള തിരച്ചിലിന് എത്തിയത്. നൂറിലധികം സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ള വ്യക്തിയാണ് മല്‍പെ. ഏഴു നോട്ടിന് മുകളിലാണ് ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക്. മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇറങ്ങി പരിശോധന നടത്താന്‍ കഴിയാത്ത സാഹചര്യമാണ്.
ദൗത്യം തുടരണമെന്ന കേരളത്തിന്റെ ആവശ്യം അധികൃതരെ അറിയിച്ചിട്ടുണ്ട്. ദൗത്യം പൂര്‍ത്തിയാകുംവരെ ഇവിടെ തുടരാന്‍ കാര്‍വാര്‍ എംഎല്‍എയോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശിച്ചിട്ടുണ്ട്.
ഗംഗാവലി പുഴയുടെ അടിയില്‍ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐബോഡ് പരിശോധനയില്‍ കിട്ടിയ നാലാം സിഗ്‌നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. കരയില്‍ നിന്ന് 132 മീറ്റര്‍ അകലെ ചെളിയില്‍ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. ലോറിയില്‍ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. ലോറിയുടെ കാബിന്‍ ഭാഗികമായി തകര്‍ന്ന നിലയിലാണെമന്നും കളക്ടര്‍ പറഞ്ഞു.
കൊച്ചിപനവേല്‍ ദേശീയപാത 66ല്‍ മംഗളൂരുഗോവ റൂട്ടില്‍ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അര്‍ജുന്‍ ഓടിച്ച ലോറി വന്‍ മണ്ണിടിച്ചിലില്‍ പെട്ടത്. 16ന് രാവിലെ 8.30ന് ആയിരുന്നു അപകടം. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയാണ് അര്‍ജുന്‍.