മണപ്പുറത്തെ തട്ടിപ്പില്‍ ദുരൂഹത; ധന്യയെ ചോദ്യം ചെയ്യുന്നു; അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളെത്തും

0
44

തൃശൂര്‍: വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്‍ഡ് കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍ നിന്നും ജീവനക്കാരി 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ ദുരൂഹത നിറയുന്നു. കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ 8000 ഇടപാടുകളിലൂടെ 20 കോടിയോളം രൂപ ഉയര്‍ന്ന ജീവനക്കാരി തട്ടിയെടുത്തിട്ടും സ്ഥാപനം ഒന്നുമറിഞ്ഞില്ലെന്നുള്ളതിലെ അവിശ്വസനീയതയിലേക്കാണ് അന്വേഷണം നീളുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളും അന്വേഷണത്തിനെത്തുകയാണ്.

തട്ടിപ്പിനെ തുടര്‍ന്ന് ഒളിവില്‍ പോയ ധന്യ മോഹന്‍ ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. ഇന്നു തൃശൂരിലെ കോടതിയില്‍ ഹാജരാക്കും. കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. ധന്യ മോഹന്‍ ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി പൊലീസിനു വിവരം ലഭിച്ചു. കുഴല്‍പ്പണ സംഘങ്ങളുടെ സഹായത്തോടെ പണം വിദേശത്തേക്ക് കൈമാറിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കുടുംബം ഒളിവിലാണ്. ഭര്‍ത്താവിനും പിതാവിനും സംഭവത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.

ധന്യയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് 25 ലക്ഷവും പിതാവിന്റെ അക്കൗണ്ടിലേക്ക് 40 ലക്ഷവും ധന്യ കൈമാറിയിട്ടുണ്ട്. ധന്യയുടെ അക്കൗണ്ടില്‍ 80 ലക്ഷം ഉണ്ടായിരുന്നു. ധന്യയുടെ പേരില്‍ 5 അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്. ചില ബന്ധുക്കളുടെ പേരില്‍ ധന്യ സ്വത്ത് നിക്ഷേപിച്ചതായും പൊലീസ് കണ്ടെത്തി. ബാങ്കില്‍ സ്വര്‍ണ നിക്ഷേപമുണ്ട്. തൃശൂരില്‍ വീടും വീടിനു ചുറ്റുമുള്ള വസ്തുക്കളും വാങ്ങിയിട്ടുണ്ട്. നിരവധി ആഡംബര വാഹനങ്ങളുണ്ട്.

കൊല്ലം കലക്ട്രേറ്റിനു സമീപം നെല്ലിമൂട് ദേശീയപാതയോരത്തുള്ള വീട്ടില്‍ ഇപ്പോള്‍ ആരുമില്ല. ധന്യ, ഭര്‍ത്താവ്, മകള്‍, സഹോദരി, സഹോദരീ ഭര്‍ത്താവ്, അച്ഛന്‍, അമ്മ എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. ആഴ്ചയിലൊരിക്കലാണ് തൃശൂരില്‍നിന്ന് ധന്യ കൊല്ലത്ത് എത്തിയിരുന്നത്. ശനിയാഴ്ച രാത്രിയെത്തി തിങ്കളാഴ്ച രാവിലെ പോകും. 24ന് വൈകിട്ടാണ് ധന്യ അവസാനമായി കൊല്ലത്തെ വീട്ടില്‍ വന്നത്. പിന്നീട് കുടുംബത്തെക്കുറിച്ച് അറിവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here