ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററില്‍ വെള്ളം കയറി മരിച്ചവരില്‍ മലയാളി വിദ്യാര്‍ത്ഥിയും. മൂന്നു വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വെസ്റ്റ് ഡല്‍ഹി കരോള്‍ബാഗിനു സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിലാണ് ദുരന്തമുണ്ടായത്. ശനിയാഴ്ച രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളക്കെട്ട് ഉണ്ടായതാണ് അപകടകാരണം. ഇവിടെ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന മൂന്നു വിദ്യാര്‍ഥികളാണ് മരിച്ചത്.
ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയായ എറണാകുളം സ്വദേശി നെവിന്‍ ഡാല്‍വിനാണ് മരിച്ചത്. നെവിനു പുറമേ ഉത്തര്‍പ്രദേശ്, തെലങ്കാന സ്വദേശികളായ രണ്ടു വിദ്യാര്‍ഥിനികളും മരിച്ചു. ഡല്‍ഹി പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സംഭവസ്ഥലത്തെത്തിയ ദുരന്ത നിവാരണ സേനയാണ് കുടുങ്ങിക്കിടന്ന മറ്റു വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയത്. മഴയെ തുടര്‍ന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്‌മെന്റിലെ ലൈബ്രറിയിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ബേസ്‌മെന്റ് മുഴുവനായി വെള്ളത്തില്‍ മുങ്ങി. ഇവിടെയിരുന്ന് പഠിക്കാനെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ മന്ത്രി അതിഷി അന്വേഷണത്തിന് ഉത്തരവിട്ടു.
അപകടസമയത്ത് 40 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്‌മെന്റിലെ ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്‌മെന്റില്‍ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിച്ചിരുന്നു. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം 2 വിദ്യാര്‍ത്ഥിനികളുടെയും രാത്രി വൈകിയാണ് നവീന്റെ മൃതദേഹവും കണ്ടെത്തിയത്.
ദുരന്തത്തിന് കാരണം മുനിസിപ്പല്‍ കോര്‍പറേഷന്റെ അനാസ്ഥയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഓടകള്‍ വൃത്തിയാക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് റാവുസ് സ്റ്റഡി സര്‍ക്കിളിലെ വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.
സംഭവത്തില്‍ കനത്ത പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ എഎപി എംപി സ്വാതി മലിവാളിനു നേരെ വിദ്യാര്‍ഥികള്‍ പ്രതിഷേധം ഉയര്‍ത്തി. സ്വാതിക്കെതിരെ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.