ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിലിന്റെ പതിമൂന്നാം ദിവസവും ഷിരൂരില്‍ കനത്ത മഴ. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സംഘം ഇന്നും പുഴയിലിറങ്ങും. ഗംഗാവലി അപകടം നിറഞ്ഞ നദിയെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നത്. ഇതുവരെ ട്രക്ക് കാണാനായിട്ടില്ല. ഇന്ന് വീണ്ടും മുങ്ങി ട്രക്ക് കണ്ടെത്താന്‍ ശ്രമിക്കുമെന്ന് മാല്‍പെ പറഞ്ഞു.
മുങ്ങുമ്പോള്‍ ഒന്നും കാണാനാകുന്നില്ല. കണ്ണ് കെട്ടി ഇറങ്ങുന്നതുപോലെയാണ്. ഇതുവരെ തകരഷീറ്റുകളും തടികളും വൈദ്യുതി കമ്പികളുമാണ് കണ്ടതെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു. അതേസമയം, പ്രതികൂല കാലാവസ്ഥ എന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ട് പോകുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു. യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മാറ്റുന്നതില്‍ സംസ്ഥാനം അതൃപ്തി അറിയിച്ചിട്ടുണ്ട്.
ഇന്ന് കൂടി പരമാവധി ശ്രമിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചു മാത്രമായിരിക്കും തീരുമാനമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു.