ന്യൂഡല്‍ഹി: രാജ്യത്തെ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് ഡല്‍ഹിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷിതമല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മോശം നഗരാസൂത്രണം, സ്ഥാപനങ്ങളുടെ നിരുത്തരവാദിത്വം എന്നിവയ്ക്ക് സാധാരണക്കാരായ പൗരന്‍മാര്‍ ജീവന്‍കൊടുക്കേണ്ട അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച രാജ്യത്തെ വ്യവസ്ഥയുടെ പരാജയമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
സുരക്ഷിതമായ ജീവിതം ഓരോ പൗരന്റെയും അവകാശവും സര്‍ക്കാരിന്റെ ഉത്തരവാദിത്വവുമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളുടെ മരണത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.