ബെംഗളൂരു: ഷിരൂരില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരും. കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ തുടരാനുള്ള തീരുമാനം. തെരച്ചില്‍ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരില്‍ നിന്ന് കൊണ്ടുവരും. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. തുടര്‍നടപടികളും ഉന്നതതല യോഗം ചര്‍ച്ച ചെയ്തു.
കേരളത്തില്‍ നിന്ന് യന്ത്രം എത്തിച്ച് അത് പുഴയിലിറക്കാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും തെരച്ചില്‍ വീണ്ടും ആരംഭിക്കുക. കാലാവസ്ഥ പൂര്‍ണ്ണമായി മാറി, തെളിഞ്ഞുനിന്നാല്‍ മാത്രമേ തെരച്ചില്‍ നടത്താന്‍ സാധിക്കൂ എന്നാണ് കാര്‍വാര്‍ എംഎല്‍എയുടെ വിശദീകരണം.
രക്ഷാദൗത്യം നിര്‍ത്തിവെക്കരുതെന്നും തുടരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. തെരച്ചില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറിയിച്ചിരുന്നു. നടപടിയില്‍ കേരളത്തില്‍ നിന്നുള്ള എംഎല്‍എമാരും ബന്ധു ജിതിനും മന്ത്രി മുഹമ്മദ് റിയാസും പ്രതിഷേധമറിയിച്ചിരുന്നു.
തെരച്ചില്‍ നിര്‍ത്തരുതെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. ഒരു കാരണവശാലും തെരച്ചില്‍ നിര്‍ത്തരുതെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരണം. പെട്ടെന്ന് തെരച്ചില്‍ നിര്‍ത്തുക എന്നത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. സംസ്ഥാന സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.