
ആലപ്പുഴ: നിയന്ത്രണംവിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 3 പേര്‍ക്കു പരുക്ക്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ എല്‍ജി നിവാസില്‍ എം.രജീഷ് (32), സുഹൃത്ത് കരോട്ടു വെളി പരേതനായ ഓമനക്കുട്ടന്റെ മകന്‍ അനന്തു (29) എന്നിവരാണു മരിച്ചത്.
സുഹൃത്തുക്കളായ പീലിക്കകത്തു വെളി അഖില്‍ (27), കരോട്ടു വെളി സുജിത്ത് (26), സദാശിവം വീട്ടില്‍ അശ്വിന്‍ (21) എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണു. രാത്രി ഒന്‍പതോടെ പ്രീതികുളങ്ങര തെക്കായിരുന്നു അപകടം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രജീഷും സുഹൃത്തുക്കളും മാരന്‍കുളങ്ങരയില്‍ നിന്നു കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാര്‍ റോഡിലെ വളവില്‍ കലുങ്കിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകുടി കയറി സമീപത്തെ വീടിന്റെ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ദ്വാരക തോട്ടുചിറ വിജയകുമാറിന്റെ വീട്ടിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷനിലെ അംഗമായ രജീഷ് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനാണ്. മണിയപ്പന്‍-ഓമന ദമ്പതികളുടെ മകനാണ്. സഹോദരി: റാണി. കയര്‍ഫെഡിലെ ജോലിക്കാരനാണ് അനന്തു. മാതാവ്: ബീന. സഹോദരന്‍: അര്‍ജുന്‍.