ജറുസലേം: ഗാസയിലെ സംഘര്‍ഷത്തിനു പിന്നാലെ ഇസ്രയേല്‍ ഹിസ്ബുല്ല സംഘര്‍ഷവും മേഖലയില്‍ രൂക്ഷമാകുന്നു. ശനിയാഴ്ച ഇസ്രയേല്‍ അധിനിവേശ ഗോലാന്‍ കുന്നുകളില്‍ ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തില്‍ 12 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായി തെക്കന്‍ ലബനനിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇസ്രയേല്‍ ഇന്നലെ രൂക്ഷമായ ബോംബാക്രമണം നടത്തി.
ഗാസ യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണു ലബനനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചത്. ഹിസ്ബുല്ല നടത്തുന്ന തുടര്‍ച്ചയായ റോക്കറ്റാക്രമണങ്ങള്‍ മൂലം വടക്കന്‍ ഇസ്രയേല്‍ അതിര്‍ത്തിയിലെ ഒരു ലക്ഷത്തോളം ഇസ്രയേല്‍ പൗരന്മാരെ നേരത്തേ ഒഴിപ്പിച്ചിരുന്നു.
1982 ലെ ലബനന്‍ യുദ്ധസമയത്താണ് ഹിസ്ബുല്ല രൂപംകൊള്ളുന്നത്. ഇറാന്റെ സൈനിക സഹായത്തോടെ ഹിസ്ബുല്ല രൂപമെടുത്തത്. ലബനനിലെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതിനും ഇസ്രയേലിനെതിരെ പോരാടുന്നതിനുമായാണ് ഇറാന്‍ ഹിസ്ബുല്ല രൂപീകരിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഹിസ്ബുല്ലയുടെ ഒളിപ്പോരിനൊടുവില്‍ 2000 ല്‍ ഇസ്രയേല്‍ സൈന്യം ലബനനില്‍നിന്നു പിന്‍വാങ്ങി. 2006 ലാണ് ഒടുവില്‍ ഹിസ്ബുല്ലഇസ്രയേല്‍ യുദ്ധമുണ്ടായത്.