തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ കാര്യം കഷ്ടം തന്നെ. രാഷ്ട്രീയമായി മുന്നേറാനുള്ള എല്ല അനുകൂലസാഹചര്യങ്ങളും ഉണ്ടായിട്ടും അതിനുശ്രമിക്കാതെ ഞാനോ നീയോ മൂപ്പന്‍ എന്ന മട്ടില്‍ തമ്മിലടിയാണ്. ഇതിനെ നിയന്ത്രിക്കേണ്ട ഹൈക്കമാന്‍ഡിന്റെ കാര്യമാണ് അതിലേറെ കഷ്ടം. തനേതാക്കളുടെ തമ്മിലടി തീര്‍ക്കാന്‍ നോക്കാതെ ഇക്കാര്യം മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയ ചാരനെ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിനു പ്രഖ്യാപിച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്.
കെപിസിസി യോഗത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിലാണ് ഹൈക്കമാന്‍ഡിന്റെ ഉത്കണ്ഠ. സുധാകരനോടും സതീശനോടും തമ്മിലടിക്കാതെ പാര്‍ട്ടികാര്യങ്ങള്‍ നോക്കാന്‍ നിര്‍ദേശിക്കുകയും വഴങ്ങാതെവന്നാല്‍ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുകയുമല്ലേ വേണ്ടത്. തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ തയാറാക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് തമ്മിലടിമറനീക്കി പുറത്തുവന്നത്. അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. യോഗത്തില്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ആരാണെന്ന് എത്രയും പെട്ടെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വയനാട് നേതൃക്യാമ്പിലെയും ഭാരവാഹി യോഗത്തിലെയും ചര്‍ച്ചകളുടെ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ചാണ് അന്വേഷണം. പാര്‍ട്ടി യോഗത്തിലെ വിവരങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് ചിലര്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതായാണ് ഹൈക്കമാന്‍ഡ് ആരോപണം. യോഗങ്ങളിലെ വിമര്‍ശനങ്ങളും ചര്‍ച്ചകളും മാധ്യമങ്ങള്‍ പുറത്തുവിട്ടതില്‍സതീശന്‍ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരാതി കൂടി പരിഗണിച്ചാണ് അന്വേഷണത്തിന് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.
എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ഗുരുതര അച്ചടക്ക ലംഘനമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇതുവഴി പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കാന്‍ കഴിയുമെന്നാണ് ഹൈക്കമാന്റിന്റെ പ്രതീക്ഷ. വാര്‍ത്ത ചോര്‍ത്തിയവര്‍ക്കെതിരെ നടപടിയെടുത്താലെങ്ങനെയാണ് ഭിന്നത പരിഹരിക്കുന്നതെന്നതിനെക്കുറിച്ച് ഹൈക്കമാന്‍ഡിനു മാത്രമേ അറിയൂ. രോഗത്തിനാണ് ചികിത്സ വേണ്ടതെന്ന സത്യം ഹൈക്കമാന്‍ഡ് എന്ന് തിരിച്ചറിയും.