വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നത് തടയാന്‍ സ്റ്റഡി ഇന്‍ കേരള പദ്ധതിയുമായി കേരളം

0
41

സംസ്ഥാനത്തുനിന്നും വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളിലുടെ ഒഴുക്ക് തടയുന്നതിനായി പ്രത്യേക പദ്ധതിയുമായി കേരള സര്‍ക്കാര്‍. ഇതിനായി രൂപപ്പെടുത്തിയ സ്റ്റഡി ഇന്‍ കേരള പദ്ധതിക്ക് അംഗീകാരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്.

കേരളത്തിലെ വിദ്യാര്‍ത്ഥികളെ കേരളത്തില്‍ തന്നെ പഠനം തുടരാന്‍ പ്രോത്സാഹിപ്പിക്കുക. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും വിദേശ വിദ്യാര്‍ത്ഥികളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുക, ആവശ്യകത ഏറെയുള്ള കോഴ്‌സുകള്‍ക്ക് പ്രചാരണം നല്‍കുക. ഹ്രസ്വകാല കോഴ്‌സുകള്‍ കൂടുതലായി പ്രചാരത്തിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഉന്നം വെച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയെന്നതും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

പദ്ധതിയുടെ ഭാഗമായി, സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ഡിമാന്‍ഡ് ഉള്ള കോഴ്‌സുകള്‍ക്കായി പ്രചാരണം നല്‍കുകയും, വിദേശ സര്‍വകലാശാലകളുമായി അക്കാദമിക ബന്ധം സ്ഥാപിക്കുകയും ചെയ്യും. ഹൃസ്വകാല കോഴ്‌സുകളുടെ പ്രാധാന്യവും കൂടി തിരിച്ചറിയുന്ന ഈ പദ്ധതി, ആറു മാസത്തോളം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ ആരംഭിക്കുന്നതിനായി ഉദ്ദേശിക്കുന്നു.

യു.ജി.സി പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം, പ്രധാനമായും മൂന്നാംലോക രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് വിദ്യാര്‍ഥികള്‍ എത്തുന്നത്. കേരളത്തിലേക്ക് വരുന്ന വിദ്യാര്‍ഥികളുടെ എണ്ണം താരതമ്യേന കുറവാണ്. ഇന്റര്‍നാഷനലൈസേഷന്‍ ഓഫ് ഹയര്‍ എജുക്കേഷന്‍ പദ്ധതിയുടെ ഭാഗമായി സര്‍വകലാശാലകളില്‍ പ്രോഗ്രാം ഓഫിസര്‍മാരെ നിയമിക്കണമെന്നും യു.ജി.സി നിര്‍ദേശിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫിസറായിരിക്കും ‘സ്റ്റഡി ഇന്‍ കേരള’ പദ്ധതിയുടെ ഏകോപന ചുമതല.

കോര്‍സുകള്‍, സര്‍വകലാശാലകള്‍, കോളേജുകള്‍ എന്നിവ സംബന്ധിച്ചുള്ള അന്വേഷണം നടപടികള്‍ക്ക് ഒരു ഒറ്റ കേന്ദ്രം (സിംഗിള്‍ പോയന്റ്) ആരംഭിക്കും. വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള വിസ പ്രശ്‌നങ്ങളും കോഴ്‌സ് കാലാവധി നീളുന്നതും പരിഹരിക്കാനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായിരിക്കും.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ.സി.സി.ആര്‍) സഹകരണത്തോടുകൂടിയാണ് ‘സ്റ്റഡി ഇന്‍ കേരള’ പദ്ധതി നടപ്പാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here