കനത്ത മഴയും കാറ്റും: വടക്കന്‍ കേരളത്തില്‍ വ്യാപകനാശം; വയനാട് ചൂരല്‍ മലയില്‍ ഉരുള്‍പൊട്ടല്‍

0
44

കോഴിക്കോട്: കോഴിക്കോട് വയനാട് ജില്ലകളില്‍ അതിശക്തമായ മഴയിലും കാറ്റും വ്യാപക നാശനഷ്ടം. താമരശ്ശേരി അമ്പായത്തോട് മേഖലയില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. മഴ കനത്തതോടെ പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ വ്യാപകമായി മഴ പെയ്യുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ഉരുള്‍പൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുള്‍പൊട്ടിയതായാണ് റിപ്പോര്‍ട്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയതായി റിപ്പോര്‍ട്ടുണ്ട്.

മലപ്പുറത്ത് ചാലിയാര്‍ പുഴയിലും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴയ്ക്കു സമീപം താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറത്തും കണ്ണൂരിലും മലയോര മേഖലയില്‍ മഴ കനത്തതിനാല്‍ പുഴകള്‍ നിറഞ്ഞൊഴുകുകയാണ്.

അഞ്ചു ജില്ലകളില്‍ ഒഴികെയുള്ളിടത്ത് യെല്ലോ അലേര്‍ട്ടാണ്. താമരശ്ശേരി അമ്പായത്തോട് മേഖലയില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ ചുഴലിക്കാറ്റില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണുണ്ടായത്.

കോടഞ്ചേരി ചെമ്പു കടവ് പാലത്തില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. കരുവന്‍തുരുത്തി പെരവന്‍മാട് കടവില്‍ തോണി മറിഞ്ഞു. വയനാട്ടിലും വിവിധ ഭാഗങ്ങളില്‍ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മഴ കനത്തതോടെ മേപ്പാടിയില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here