ഗവര്‍ണറാകാന്‍ മോഹിച്ചിരുന്നവര്‍ക്ക് തിരിച്ചടി; പത്മജയുടെ മോഹങ്ങള്‍ പൂവണിയുമോ?

0
48

തിരുവനന്തപുരം: പത്ത് പുതിയ ഗവര്‍ണര്‍മാരെ കഴിഞ്ഞദിവസം നിയമിച്ചപ്പോള്‍ നിരാശ പടര്‍ന്നത് ഇങ്ങ് കേരളത്തിലാണ്. കാരണം ഇവിടെ കുറച്ചുപേര്‍ ഗവര്‍ണര്‍ കുപ്പായം സ്വപ്‌നം കണ്ടിരിപ്പുണ്ടായിരുന്നു. മോദിയുടെ വലംകൈയായ മലയാളിയായ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കെ.കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവര്‍ണറായി നിയമനം ലഭിച്ചത് നിരാശയുടെ ആഴംകൂട്ടുന്നു. ഇനി പ്രതീക്ഷ തുടരണണോ എന്നു തന്നെ ചിലര്‍ക്ക് ആശങ്കയുണ്ട്. കാരണം മറ്റൊന്നുമല്ല, അടുത്തമാറ്റത്തിലെങ്കിലും കയറിക്കൂടാമെന്ന പ്രതീക്ഷയാണഅ ഇല്ലാതാകുന്നത്. ഒന്നില്‍കൂടുതല്‍ മലയാളികളെ നിയമിച്ചേങ്കില്ല എന്ന ആശങ്കയാണ് ഗവര്‍ണര്‍പദമോഹികള്‍ പങ്കുവെയ്ക്കുന്നത്.

ബി.ജെ.പിയുമായി ചേര്‍ന്നു നില്‍ക്കുന്ന പല മലയാളികളും ഗവര്‍ണറാകുമെന്ന പ്രതീക്ഷയിലായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ എത്തിയ പത്മജയായിരുന്നു മുന്‍നിരയില്‍. എന്നാല്‍ കൈലാസനാഥനെ മലയാളിയെന്ന പരിഗണനയിലാണു ലഫ്. ഗവര്‍ണറാക്കിയതെങ്കില്‍ ഇനി ഒരാള്‍ക്ക് കേരളത്തില്‍നിന്നും ഗവര്‍ണര്‍ പദവി കിട്ടാന്‍ സാധ്യത കുറവാണ്. ബി.ജെ പി സംസ്ഥാന നേതൃത്വവും ചില പേരുകള്‍ ഗവര്‍ണറായി പരിഗണിക്കുന്നതിന് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ നരേന്ദ്ര മോദിയുടെ വിശ്വസ്തനാണു പുതുച്ചേരി ലഫ്. ഗവര്‍ണറായി നിയമിതനായ കൈലാസനാഥന്‍. കോഴിക്കോട് വടകര സ്വദേശിയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു കഴിഞ്ഞമാസമാണു വിരമിച്ചത്.

മാസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ഗവര്‍ണര്‍മാരെ നിയമിക്കേണ്ടതുണ്ട്. കേരളത്തിലെ ആരിഫ് മുഹമ്മദ് ഖാന്റെ അടക്കം കാലാവധി പൂര്‍ത്തിയാകും. ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ളയുടെ കാലാവധി ഉടന്‍ തീരും. 10 പുതിയ ഗവര്‍ണര്‍മാരെയാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here