കവളപ്പാറയ്ക്കും പുത്തുമലയ്ക്കും പിന്നാലെ മുണ്ടക്കൈയും ചൂരല്‍മലയും

0
36

കേരളത്തെ നടുക്കിയ കവളപ്പാറ, പുത്തുമല ദുരന്തങ്ങള്‍ക്കു പിന്നാലെ ഇപ്പോള്‍ ചൂരല്‍മല. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ, പുത്തുമല മേഖലകള്‍ക്ക് മൂന്നു കിലോമീറ്റര്‍ മാത്രം അകലെയാണ് മുണ്ടക്കൈയും ചൂരല്‍മലയും. കവളപ്പാറയിലും പുത്തുമലയിലുംമുണ്ടായ ഉരുള്‍പൊട്ടലിനു സമാനമായ സാഹചര്യമാണ് വടക്കന്‍ കേരളത്തില്‍ ഇപ്പോഴെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നത്.

കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെ സജീവമായിരുന്ന ന്യൂനമര്‍ദപാത്തിയാണ് വടക്കന്‍ കേരളത്തിലെ ശക്തമായ മഴയ്ക്കുപിന്നില്‍. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് മേഖലകളില്‍ ഒരാഴ്ച ശരാശരി ലഭിക്കേണ്ട മഴയേക്കാള്‍ 50 മുതല്‍ 70% വരെ മഴയാണ് കഴിഞ്ഞയാഴ്ച അധികം ലഭിച്ചത്. ഇതോടൊപ്പം കഴിഞ്ഞ രാത്രി അതിതീവ്ര മഴയുംകൂടി പെയ്തതാണ് ദുരന്തത്തിനിടയാക്കിയത്.

അതേസമയം, മുണ്ടക്കൈ മേഖലയില്‍ പൂര്‍ണതോതില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്‍ഡിആര്‍എഫിന്റെ 5 പേരടങ്ങുന്ന ചെറുസംഘത്തിന് മാത്രമാണ് ഇതുവരെ മുണ്ടക്കൈയിലെത്താനായത്. ചൂരല്‍പ്പുഴയ്ക്ക് അപ്പുറത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എന്‍ഡിആര്‍എഫ് സംഘം ഭക്ഷണമെത്തിച്ചു നല്‍കി. പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെയാണ് ഉദ്യോഗസ്ഥര്‍ പുഴ കടന്ന് അക്കരെ എത്തിയത്. ഇവിടുത്തെ ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍ ചൂരല്‍മല കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിന് കോഴിക്കോട്ടുനിന്നുള്ള 150 അംഗ സൈനികസംഘം ചൂരല്‍മലയിലെത്തി. ഇവര്‍ മുണ്ടക്കൈയിലേക്ക് താല്‍ക്കാലിക പാലം നിര്‍മിക്കാനുള്ള സാധ്യതകള്‍ തിരയുകയാണ്. കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോറിലെ 160 പേരടങ്ങുന്ന സംഘവും ബംഗളൂരുവില്‍നിന്ന് സൈന്യത്തിന്റെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പും (എംഇജി) വയനാട്ടില്‍ എത്തും. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിന്റെ എന്‍ജിനീയറിങ് വിഭാഗം നടപ്പാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here